ഇന്ത്യയിലെ വിലകുറഞ്ഞതും കാണാൻ ചെറിയതുമായിട്ടുള്ള കാർ ഏതാണെന്നു നോക്കിയാൽ നമ്മുക്കുകാണാൻ കഴിയുന്നത് ബജാജ് ക്യൂട്ട് ആണ്. കണ്ടാൽ കുഞ്ഞൻ ആയിതോന്നുമെങ്കിലും എല്ലാ വിധ സൗകര്യങ്ങളും ഈ കുഞ്ഞനിൽ കാണാൻ സാധിക്കും. എന്നാൽ ക്യൂട്ട് ഒരു കാർ അല്ല.
യഥാർത്ഥത്തിൽ ക്വാഡ്രിസൈക്കിളാണ് ക്യൂട്ട്. രൂപത്തിൽ കാറിൻ്റെ മട്ടും ഭാവവും ഉള്ളതിനാൽ സാങ്കേതികമായി അല്ലെങ്കിലും ക്യൂട്ടിനെ കാർ എന്ന് വിളിക്കാം. അങ്ങനെ നോക്കുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറായി ക്യൂട്ടിനെ കണക്കാക്കാം.
കാർ പോലെ തോന്നിക്കുന്ന ക്യൂട്ട് നിർമ്മിച്ചിരിക്കുന്നത് ബജാജ് ഓട്ടോയാണ്. ഒരു ഓട്ടോ റിക്ഷയുടേതിന് തുല്യമായ 216 സിസി എഞ്ചിനാണ് ഇതിനുള്ളത്. ഇത് 13.1 പിഎസ് പരമാവധി കരുത്തും 18.9 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. 5 സ്പീഡ് ഗിയർബോക്സാണ് ഇതിനുള്ളത്.
ബജാജ് ക്യൂട്ടിൻ്റെ ഉയർന്ന വേഗത 70 കിലോമീറ്ററാണ് . സിഎൻജിയിൽ ഓടുമ്പോൾ 1 കിലോയിൽ 50 കിലോമീറ്ററും പെട്രോളിൽ 34 കിലോമീറ്ററും എൽപിജിയിൽ 21 കിലോമീറ്ററും മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്യൂട്ട് നേരത്തെ അറിയപ്പെട്ടിരുന്നത് ആർഇ 60 എന്ന പേരിലാണ്.
ക്യൂട്ടിന്റെ നീളം 2.7 മീറ്ററാണ്. ഇതിന്റെ റൂഫിൽ ഒരു റാക്ക് സ്ഥാപിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാമെങ്കിലും ലഗേജുകൾക്കായി 20 ലിറ്റർ ഫ്രണ്ട് സ്റ്റോറേജ് ഉണ്ട്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് ഇരിക്കാം. മഹാരാഷ്ട്രയിൽ ഇതിന്റെ വില 2.48 ലക്ഷം രൂപ മുതലാണ്. അങ്ങനെ നോക്കുകയാണെങ്കിൽ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാറാണിത്.
ചെറുവാഹനങ്ങളുടെ ഒരു പുതിയ വിഭാഗമാണ് ബജാജ് ക്യൂട്ട് ക്വാഡ്രിസൈക്കിൾ . നാലു ചക്രങ്ങളുള്ള വാഹനത്തെ സാധാരണയായി ക്വാഡ്രിസൈക്കിൾ എന്ന് വിളിക്കുന്നു. എന്നാൽ ഇത് കാറിൽ നിന്ന് വളരെ വ്യത്യസ്തമാണ്, അതിനാൽ ഇത് ഒരു പ്രത്യേക വിഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
അവസാന മൈൽ കണക്റ്റിവിറ്റി കണക്കിലെടുത്താണ് ക്യൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ ഓട്ടോ റിക്ഷയുടെയും ടാക്സിയുടെയും സംയോജനമാണ് ഇത്, സാധാരണ ഓട്ടോ റിക്ഷയേക്കാൾ സുരക്ഷിതമാണ്, അതേസമയം എല്ലാ കാലാവസ്ഥയിലും സുരക്ഷ നൽകുന്നു.
സാധാരണയായി ഇത് പൊതുഗതാഗതത്തിൽ ഉപയോഗിക്കുന്നു. എന്നാൽ എബിഎസിന്റെയും എയർബാഗിന്റെയും ഫീച്ചറുകൾ കൂടാതെ മറ്റു ചില നിബന്ധനകളോടെയാണ് ഇപ്പോൾ സ്വകാര്യ വാഹനമായും ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.