രോമകൂപങ്ങളിൽ അണുബാധ വരുമ്പോഴാണ് ഫോളിക്യുലിറ്റിസ് എന്ന അസുഖം വരുന്നത്. മുഖക്കുരു പോലെ തോന്നുന്ന കുരുക്കളാണ് ഉയരുക. ചൊറിച്ചിലും വേദനയും അനുഭവപ്പെടാം.
വർക്ക്ഔട്ട് ചെയ്യുന്നവരും വ്യായാമം ചെയ്യുന്നവരും അതു കഴിഞ്ഞാലുടൻ വിയർപ്പുള്ള വസ്ത്രം മാറ്റി അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ചൂടുവെള്ളത്തിൽ കുളിക്കുന്നതും ഒഴിവാക്കുക. കുരുക്കൾക്ക് വല്ലാത്ത വേദനയും പഴുപ്പും തോന്നുന്നുണ്ടെങ്കിൽ ചികിൽസ തേടണം. ആന്റിബയോട്ടിക്കുകളും ക്രീമുകളും ലഭ്യമാണ്.
ഈ സീസണിൽ സൂര്യരശ്മികൾ നേരിട്ട് ഏൽക്കുന്നത് ദോഷമാണ്. അലർജിയും ചർമത്തിൽ ചൊറിച്ചിലും ഉണ്ടാക്കും. കയ്യും കാലും മൂടുന്ന വേഷങ്ങൾ ധരിക്കുന്നതും നടക്കുമ്പോൾ കുട ചൂടുന്നതും സൺസ്ക്രീൻ ലോഷനുകൾ പുരട്ടുന്നതും നല്ലതാണ്. ബീച്ചിലോ മറ്റോ ഉല്ലസിക്കാൻ പോവുകയാണെങ്കിൽ സൺസ്ക്രീൻ പുരട്ടാൻ മറക്കേണ്ട.
സൂര്യരശ്മികൾ ആഘാതം ഏൽപിക്കുന്ന ശരീരഭാഗങ്ങളിൽ തണുത്ത പാൽ, തൈര് എന്നിവ പുരട്ടാം. കുടിവെള്ളമാണ് ഏറ്റവും പ്രധാനം. ഇളനീരും പഴങ്ങളും കഴിക്കണം. ശരീരത്തിനു ചൂടു കൂടുമ്പോൾ കോള പോലുള്ള തണുത്ത പാനീയങ്ങൾ കുടിക്കാൻ പലർക്കും ആഗ്രഹം തോന്നും. എന്നാൽ ഇത് ശരീരത്തിന് ദോഷമേ ചെയ്യൂ. പച്ചവെള്ളം തന്നെയാണ് ഏറ്റവും നല്ലത്.
ചൂടുകാലത്ത് മുഖക്കുരു ധാരാളമായി പൊന്തിയേക്കും. വിയർപ്പും ബാക്ടീരയും എണ്ണമയവും ചേർന്ന് രോമകൂപങ്ങൾ അടയ്ക്കുന്നതുകൊണ്ടാണിത്. കോട്ടൺ കൈലേസു കൊണ്ട് വിയർപ്പു അപ്പപ്പോൾ തുടച്ചു മാറ്റുകയാണ് ആദ്യം വേണ്ടത്. കാഠിന്യമില്ലാത്ത ക്രീമുകളും ലോഷനുകളും ഉപയോഗിക്കാം.
ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും കൂടുതൽ സമയം ചെലവഴിക്കുന്നവർ വെള്ളത്തിൽ നിന്നു കയറിയാലുടൻ നല്ല വെള്ളത്തിലും കുളിക്കാൻ ശ്രദ്ധിക്കണം. അതിനു ശേഷം മോയിസ്ചറൈസറുകൾ പുരട്ടാം. തുട ഇടുക്ക്, കക്ഷം, കാൽപാദം എന്നിവിടങ്ങൾ പൂപ്പൽ ബാധ ഉണ്ടാകാനും സാധ്യതയുണ്ട്.
വിയർപ്പു പറ്റിയ വസ്ത്രങ്ങൾ അധിക നേരം ധരിക്കരുത്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ഫാർമസികളിൽ ചെന്ന് തോന്നിയപടി മരുന്നു വാങ്ങി പുരട്ടരുത്. ചർമരോഗ വിദഗ്ധനെ കണ്ടു തന്നെ ചികിൽസ തേടണം. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്നതിനെയാണ് ഹീറ്റ് റാഷ് (ചൂട് കുരു) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.
എന്തൊക്കെ ചെയ്യാം?
ചൂട് കുരു മാറ്റാൻ എന്തെല്ലാം ചെയ്യാം?
ചൂട് കുരു മാറ്റാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. ചൂട് കുരു ഉള്ള ഭാഗത്ത് തേങ്ങാപ്പാൽ തേയ്ക്കുന്നത് കുറച്ച് ആശ്വാസം നൽകും. അതുപോലെ ആര്യവേപ്പിലയിട്ട വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്. വേപ്പില അരച്ച് ചൂട് കുരു ഉള്ള ഭാഗത്ത് പുരട്ടുന്നതും നല്ലതാണ്. അതുപോലെ ത്രിഫല പൊടി വെള്ളത്തിൽ കലർത്തി ചൂട്ക്കുരു ഉള്ള ഭാഗത്ത് തേയ്ക്കുന്നതും ഏറെ നല്ലതാണ്.
തൈര്
ചൂടുകുരുവിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത വഴിയാണ് തൈര് ഉപയോഗിക്കുക എന്നത്. തൈര് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ചൂട് കുരുവിനെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.
ഇത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ചർമ്മത്തിൽ ചൂടുകുരുക്കളുള്ള ഭാഗത്ത് തണുത്ത തൈര് തേച്ചുപിടിപ്പിക്കുക. തേച്ച് നന്നായി മസ്സാജ് ചെയ്യുന്നതും നല്ലതാണ്.
ശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ചൂടു കുരുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കും. നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒന്നാണ് ഈ വഴി എന്ന് അറിഞ്ഞിരിക്കുക.