രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇന്ത്യയിൽ മാത്രം, ടൈപ്പ് 2 പ്രമേഹമുള്ള 77 ദശലക്ഷം മുതിർന്നവരുണ്ട്, കൂടാതെ 25 ദശലക്ഷത്തിലധികം പേർക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പ്രമേഹത്തെ ഡയബറ്റിസ് മെലിറ്റസ് എന്ന് വിളിക്കുന്നു. ഒന്നുകിൽ ശരീരം ആവശ്യത്തിന് ഇൻസുലിൻ (രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഒരു ഹോർമോൺ) ഉത്പാദിപ്പിക്കാത്തതിനാലോ ഫലപ്രദമായി ഉപയോഗിക്കാത്തതിനാലോ ഇത് സംഭവിക്കുന്നു. പല തരത്തിലുള്ള പ്രമേഹമുണ്ട്. ടൈപ്പ് 2 പ്രമേഹമാണ് ഏറ്റവും സാധാരണമായത്.
പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുകയും അവ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രമേഹം ഉള്ളപ്പോൾ ശരീരത്തിന് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ ഉയർന്ന ഗ്ലൂക്കോസിന്റെ അളവിലേക്ക് നയിക്കുന്നു.
പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?
ഭാരക്കുറവ്
പ്രമേഹമുള്ള ആളുകൾക്ക് പെട്ടെന്ന് ഭാരക്കുറവ് ഉണ്ടാകുന്നു. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, കോശങ്ങൾക്ക് ഊർജത്തിനായി ഉപയോഗിക്കുന്നതിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കില്ല. അതിനാൽ ശരീരം ഊർജത്തിനായി കൊഴുപ്പ് എരിച്ചു കളയാൻ തുടങ്ങുന്നു. ഇത് ശരീരഭാരം പെട്ടെന്ന് കുറയുന്നതിന് കാരണമാകുന്നു.
ക്ഷീണം
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരമായ ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകും. അമിത ക്ഷീണ്ം ദൈനംദിന ജീവിതത്തെ സ്വാധീനിച്ചേക്കാം. ക്ഷീണം മൊത്തത്തിലുള്ള ആരോഗ്യത്തെയും മോശം മാനസികാവസ്ഥയിലേക്കും നയിച്ചേക്കാം.
കറുപ്പ്
മുഖത്തും കഴുത്തിലുമായി കറുപ്പ് കണ്ടാൽ അവഗണിക്കരുത്. ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക. ശരീരത്തിൽ അധിക ഇൻസുലിൻ അടിഞ്ഞു കൂടുന്നുവെന്നതിന്റെ സൂചനയാണിത്. കക്ഷത്തിലും ഈ പാടുകൾ ചിലപ്പോൾ കാണാനാകും.
കാഴ്ച
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ണുകളെ ആരോഗ്യത്തെ ബാധിക്കാം. അത് കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഈ ലക്ഷണം ഒരു ദീർഘകാല പ്രശ്നമായി മാറുന്നത് തടയാൻ രക്തത്തിലെ പഞ്ചസാര ഫലപ്രദമായി നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. പതിവ് നേത്ര പരിശോധനകൾ രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കും.
മുറിവ്
പ്രമേഹം മുറിവ് ഉണങ്ങുന്ന പ്രക്രിയ പതുക്കെയാക്കുന്നു. ചെറിയ മുറിവുകളോ വ്രണങ്ങളോ പോലും സുഖപ്പെടാൻ കൂടുതൽ സമയമെടുത്തേക്കാം. ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രക്തയോട്ടം കുറയുന്നതും നാഡികളുടെ തകരാറുമൂലവുമാണ് ഇത് സംഭവിക്കുന്നത്. ഇവ രണ്ടും പ്രമേഹത്തിൽ സാധാരണമാണ്.
മരവിപ്പ്
പ്രമേഹത്തിന്റെ സങ്കീർണതയായ ഡയബറ്റിക് ന്യൂറോപ്പതി കൈകളിലും കാലുകളിലും മരവിപ്പ് ഉണ്ടാക്കാം. ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുക മാത്രമല്ല, പരിക്കുകളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നിയന്ത്രിക്കാം
പ്രമേഹത്തെ നിയന്ത്രിക്കാനും ചിലപ്പോൾ തടയാനും സാധിക്കും. ടൈപ്പ് 1 പ്രമേഹം, രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ഒന്നും ചെയ്യാനില്ല.
എന്നാൽ ടൈപ്പ് 2 പ്രമേഹം ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. പത്തു വർഷത്തിലധികമായി പ്രമേഹം ഉള്ളവരിൽ പോലും രോഗാവസ്ഥ റിവേഴസ് ആക്കാൻ സാധിച്ചതായി യു കെ യിലെ ന്യൂകാസിൽ സർവകലാശാല ഗവേഷകർ പറയുന്നു.
അതിനായി ശരീരഭാരം കുറച്ച് ആരോഗ്യമുള്ളവരാകണം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ഹൃദയമിടിപ്പിന്റെ നിരക്ക് കുട്ടുന്ന എന്തും അതു വീട്ടുജോലി ആണെങ്കിൽ കൂടെ വ്യായാമമായി കരുതാം. കഴിക്കുന്ന ഭക്ഷണം ആരോഗ്യമേകുന്നതാകാൻ ശ്രദ്ധിക്കണം.
ട്രാൻസ് ഫാറ്റുകളും സാച്ചുറേറ്റഡ് ഫാറ്റും ഒപ്പം റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കണം. കൂടുതൽ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും കഴിക്കുക. കുറച്ചു മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. ഈ ലളിതമായ കാര്യങ്ങൾ പിന്തുടർന്നാൽ പ്രമേഹം വരാതെ തടയാൻ ഇത് നിങ്ങളെ സഹായിക്കും.