കഴിഞ്ഞ കുറച്ച് കാലമായി താൻ ദിവസവും കരഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തിയാണ് നടൻ ദിലീപ്. പ്രേക്ഷകരെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന തനിക്ക് നിലനിൽക്കാൻ ഈ സിനിമ അത്യാവശ്യമാണെന്ന് ദിലീപ് പറഞ്ഞു. തന്റെ പുതിയ സിനിമ പവി കെയർ ടേക്കറിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ വികാരാധീനനായിട്ടായിരുന്നു ദിലീപിന്റെ പരാമർശം. എല്ലാവരും പറയുന്നത് ദിലീപ് എന്റർടെയിൻമെന്റാണ് എന്നാണ്. ഇത്രയും കാലം പ്രേക്ഷകരെ താൻ ഒരുപാട് ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. എന്നാൽ കുറച്ചു കാലമായി താൻ കരഞ്ഞുകൊണ്ടിരിക്കുകയാണ്. ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തനിക്ക് നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണെന്നാണ് ദിലീപ് പറയുന്നത്.
കൊച്ചു കൊച്ചു വേഷങ്ങൾ കൊണ്ട് ഇവിടെ വരെയെത്തിയ നടനാണ് താൻ. തനിക്ക് ഇതുവരെ പിന്തുണ നൽകിയ പ്രേക്ഷകർ, തന്നെ വിശ്വസിച്ച് കഥാപാത്രങ്ങൾ നൽകിയ നിർമ്മാതാക്കൾ, തന്റെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തതർ ഇവരുടെയെല്ലാം പ്രാർത്ഥനയാണ് താൻ ഇന്നും ഇവിടെ നിലനിൽക്കാൻ കാരണം. പവി ടേക്ക് കെയർ എന്നത് തന്റെ 149-ാം സിനിമയാണ്. തന്റെ പ്രിയപ്പെട്ട പ്രേക്ഷകരെ മാത്രം വിശ്വസിച്ചുകൊണ്ടാണ് പവി കെയർ ടേക്കർ എന്ന സിനിമ തിയേറ്ററിൽ എത്തുന്നത്. തനിക്ക് നിലനിൽക്കാൻ ഈ സിനിമ അത്യാവശ്യമാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
ഒരു നടനെന്ന നിലയിൽ പല വേഷവും താൻ ശ്രമിക്കാറുണ്ട്. വർഷങ്ങൾക്കുമുൻപ് ഒരുപാട് നായികമാർ തന്റെ കൂടെ സിനിമയിലേയ്ക്ക് വന്നിട്ടുണ്ട്. പലരുടെയും ആദ്യ നായകനാണ് താൻ. മലയാള സിനിമയിലേയ്ക്ക് അഞ്ച് നായികമാർ കൂടി പുതിയതായി വരികയാണ്. അവർ അഞ്ചുപേരും കഴിവുള്ളവരാണ്. നിങ്ങൾ എന്നിൽ നിന്നും ആഗ്രഹിക്കുന്ന വളരെ സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ഈ സിനിമയിലേത്. എല്ലാവരും ഈ സിനിമ തിയേറ്ററിൽ പോയി കാണണം. അതാണ് പ്രേക്ഷകരോട് തനിക്ക് പറയാനുള്ളത്. ഈ സിനിമ തീർച്ചയായും നിങ്ങൾക്ക് ഒരു സ്ട്രെസ് റിലീസർ ആയിരിക്കുമെന്നും ദലീപ് ഉറപ്പു നൽകുന്നു.
പവി കെയർ ടേക്കർ റിലീസ് ചെയ്യുന്നത് ഏപ്രിൽ 26നാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജോണി ആന്റണി, രാധിക ശരത് കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അഞ്ചു പുതുമുഖ നായികമാരും ചിത്രത്തിൽ അഭിനയിക്കുന്നു. മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.