ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. 21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതിയത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. 16.63 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താനുണ്ടായിരുന്നത്.
പശ്ചിമ ബംഗാളിൽ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ് രേഖപ്പെടുത്തിയത്. ത്രിപുരയിലെ ഒരു മണ്ഡലത്തിൽ 76 ശതമാനത്തിലേറെ പോളിങ് നടന്നു.
തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. അഞ്ചുമണിവരെയുള്ള കണക്ക് അനുസരിച്ച് തമിഴ്‌നാട്ടില്‍ പോളിങ് ശതമാനം 63.2 ആണ്.
രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബിഹാറിൽ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പേര്‍ രേഖപ്പെടുത്തിയതാണ് ഇന്നത്തെ ഏറ്റവും കുറവ് പങ്കാളിത്തം.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഭൂപേന്ദ്ര യാദവ്, കിരൺ റിജിജു, ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്‌വാൾ, സർബാനന്ദ സോനോവാൾ തുടങ്ങിയവർ ഒന്നാം ഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖർ.
പശ്ചിമബംഗാളിലും മണിപ്പൂരിലും പോളിങ്ങിനിടെ അക്രമസംഭവങ്ങളുണ്ടായി. വടക്കന്‍ ബംഗാളിലെ കൂച്ച്ബിഹാറില്‍ തൃണമൂല്‍ - ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ക്രമക്കേട് ആരോപിച്ചതിനെ തുടർന്ന് മണിപ്പൂരിലെ അഞ്ച് ബൂത്തിൽ പോളിംഗ് ഇടയ്ക്കു നിർത്തിവച്ചു.
മിസോറമിലെ ബിഷ്ണുപുറില്‍ പോളിംഗ് സ്റ്റേഷനു സമീപത്ത് വെടിവയ്പ്പുണ്ടായി. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ പോളിംഗ് സ്റ്റേഷനുനേരെ ആക്രമണമുണ്ടായി.