ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ ഫിലിപ്പൈന്‍സിന് കൈമാറി ഇന്ത്യ

മനില: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ ഫിലിപ്പൈന്‍സിന് കൈമാറി ഇന്ത്യ . 37 കോടി 50 ലക്ഷം ഡോളറിന്റെ കരാര്‍ പ്രകാരമുള്ള മിസൈലുകളാണ് കൈമാറിയത്. 2022ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്.

അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് മിസൈലുകളോടൊപ്പമാണ് ക്രൂയിസ് മിസൈലുകള്‍ കൈമാറിയത്. ഫിലിപ്പൈന്‍സിലെ മറൈന്‍ കോര്‍പ്‌സിനാണ് ഇന്ത്യന്‍ വ്യോമസേന ആയുധങ്ങള്‍ കൈമാറിയത്. നാ​ഗ്പൂരിൽ നിന്ന് പുറപ്പെട്ട സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ ഇന്ത്യൻ വ്യോമസേനാം​ഗങ്ങൾ ചേർന്നാണ് മിസൈലിന്റെ ആദ്യ ബാച്ച് ഫിലിപ്പീൻസിലെ മനിലയിലെത്തിച്ചത്.

മാര്‍ച്ച് മാസത്തിലാണ് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ സംവിധാനത്തിന്റെ കയറ്റുമതി ആരംഭിച്ചത്. ആദ്യമായാണ് ഒരു വിദേശരാജ്യത്തിന് ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ കൈമാറുന്നത്.

പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിന്റെ ഭാ​ഗമായാണ് ഇന്ത്യയുമായി ഫിലിപ്പീൻസ് കരാറിലേർപ്പെട്ടത്. 2022 ജനുവരിയിൽ ഇതുസംബന്ധിച്ച കരാറിൽ ധാരണയായിരുന്നു. കരാർ പ്രകാരം 375 മില്യൺ യുഎസ് ഡോളറിന്റെ പ്രതിരോധ കയറ്റുമതിക്കാണ് ഇന്ത്യയുമായി ഫിലിപ്പീൻസ് ഒപ്പുവച്ചത്. ദക്ഷിണ ചൈനാ സമുദ്രത്തില്‍ ഫിലിപ്പൈന്‍സും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെയാണ് മിസൈല്‍ കൈമാറ്റം.

നിലവിൽ ഇന്ത്യ കൈമാറിയ മിസൈൽ സിസ്റ്റം തീരദേശ മേഖലകളിൽ വിന്യസിക്കാനാണ് ഫിലിപ്പീൻസിന്റെ തീരുമാനം.