വർഷങ്ങൾക്ക് മുൻ തനിക്ക് ബസിനുള്ളിൽ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടി മാലാ പാർവ്വതി. തന്റെ മുപ്പത് വയസിലുണ്ടായ അനുഭവത്തെ കുറിച്ചാണ് മാലാ പാർവ്വതി സംസാരിച്ചത്. അനന്തപത്മനാഭന്റെ കല്യാണത്തിന് പോയിട്ട് വരുമ്പോഴാണ് സംഭവം ഉണ്ടായത്. താൻ ബസിലാണ് യാത്ര ചെയ്തിരുന്നത്. നല്ല തിരക്കുണ്ടായിരുന്നു. താൻ ബാഗും മടിയിൽ വെച്ച് അതിന്മുകളിലേക്ക് കുനിഞ്ഞു കിടക്കുകയായിരുന്നു. തലപ്പൊക്കാൻ വയ്യാത്ത രീതിയിൽ തലവേദയുണ്ടായിരുന്നു. അപ്പോഴാണ് ഒരാളിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായത്. തന്റെ കയ്യിൽ പിടിക്കുകയും പിച്ചുകയും നുള്ളുകയും മറ്റെന്തൊക്കെയോ ചെയ്യുകയും ചെയ്തു. ഭയങ്കര വൃത്തികെട്ട അനുഭവമായിരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. ആകെ ഷോക്കായിപ്പോയെന്നും മാലാ പാർവ്വതി വ്യക്തമാക്കി.
കണ്ടക്ടറോട് പരാതി പറഞ്ഞപ്പോൾ നിങ്ങൾ സിനിമാക്കാരൊക്കെ ബസിൽ വലിഞ്ഞു പിടിച്ചു കേറിയാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു ലഭിച്ച മറുപടി. വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. കയ്യിലെ മൊബൈൽ ഫോണും ഓഫായിപ്പോയിരുന്നു. അതുകൊണ്ട് ആരെയും വിളിക്കാനോ ഒന്നും പറയാനോ കഴിഞ്ഞില്ല. ബസിൽ കയറി ശീലവുമില്ലായിരുന്നു. കൂടെ യാത്ര ചെയ്ത ഒരു സ്ത്രീയുടെ ഫോണിൽ നിന്നാണ് പിന്നീട് ഭർത്താവിനെ വിളിച്ചത്. തുടർന്ന് അദ്ദേഹം കാറുമായി എത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
വീട്ടിലെത്തിയപ്പോൾ തന്നെ ധരിച്ചിരുന്ന ചുരിദാർ ഊരി കത്തിച്ചു കളഞ്ഞു. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ചുരിദാറായിരുന്നു അത്. അന്ന് ഭൂമിയിലെ ആളുകളെല്ലാം നല്ലവരാണെന്നായിരുന്നു താൻ ധരിച്ചിരുന്നത്. ഇപ്പോൾ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ കണ്ടും കേട്ടും ഷോക്കൊക്കെ മാറി. മനുഷ്യർ എങ്ങനെയാണെന്ന് മനസിലാക്കി. ഇപ്പോൾ മനുഷ്യരെ കുറിച്ചുള്ള ചിന്താഗതിയും മാറി. ഇപ്പോൾ ആരെയും കുറ്റപ്പെടുത്തണമെന്നോ കളിയാക്കണമെന്നോ ഒന്നുമില്ല. മനുഷ്യർ സാഹചര്യങ്ങളുടെ ഇരയാണ്. ഇപ്പോഴൊന്നും ബസുകളിൽ ഇത്രത്തോളം മോശം അനുഭവം ആർക്കും ഉണ്ടാകാറില്ല. പഴയ കാലത്ത് നിന്നും ഒരുപാട് വ്യത്യാസമുണ്ട്. പറയുന്ന കാര്യങ്ങൾ പോലും ആരും വിശ്വസിക്കാത്ത കാലമായിരുന്നു അന്ന്. ഇപ്പോഴങ്ങനെയല്ല. മോശം അനുഭവം ഉണ്ടായെന്ന് തുറന്നു പറഞ്ഞാൽ പോലീസ് കേസെടുക്കും, പിന്നീട് വാർത്ത വരും. അന്നൊന്നും അങ്ങനെയായിരുന്നില്ല. ഇപ്പോൾ ഇത്രയും മാറ്റം സംഭവിച്ചില്ലേയെന്ന് മാലാ പാർവ്വതി ചോദിക്കുന്നു.
ഒരു മലയാളം സിനിമയുടെ ഷൂട്ടിംഗിൽ വെച്ച് ഒരു തമിഴ് നടൻ തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. തന്റെ മൂന്നാമത്തെ സിനിമയിലാണ് ഈ അനുഭവം ഉണ്ടായത്. എല്ലാവരുടെയും മുന്നിൽ വെച്ചാണ്മോശമായി പെരുമാറിയത്. അന്ന് വല്ലാതെ അപ്സെറ്റായി. ആരും ഈ വിഷയത്തിൽ ഇടപെട്ടില്ല. രാത്രി തന്നെ ഭർത്താവിനെ വിളിച്ച് സിനിമ ഉപേക്ഷിച്ച് വരികയാണെന്ന് പറയുക വരെ ചെയ്തുവെന്നും മാലാ പാർവ്വതി കൂട്ടിച്ചേർത്തു.