ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളിൽ കോൺഗ്രസ് കോർപ്പറേറ്ററുടെ മകളെ മുൻ സഹപാഠി കുത്തിക്കൊന്നു. നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹ(23)യാണ് കൊല്ലപ്പെട്ടത്. പ്രതി ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായിരുന്നു നേഹ. നേഹയുടെ മുൻ സഹപാഠിയായിരുന്നു 23-കാരനായ ഫയാസ്. ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.
ബിവിബി കോളേജിലാണ് സംഭവം നടന്നത്. ബന്ധത്തിൽ നിന്ന് പിന്മാറിയതും ഫയാസിന്റെ വിവാഹാഭ്യാർഥന നിരസിച്ചതിനെയും തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് തിരിച്ചുപൊകാൻ നേരത്തായിരുന്നു ആക്രമണം. വ്യാഴാഴ്ച കോളേജിലെത്തി നേഹയെ സമീപിച്ച് വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. പെൺകുട്ടി നിരസിച്ചതോടെ കൈയിൽ കരുതിയ കത്തിയെടുത്ത് തുടരെ കുത്തുകയായിരുന്നു. കഴുത്തിൽ രണ്ടെണ്ണമുൾപ്പെടെ ശരീരത്തിൽ ഒമ്പത് കുത്തേറ്റെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേഹ മരിച്ചു. കോൺഗ്രസ് എംഎൽഎ പ്രസാദ് അബ്ബയ്യ സംഭവസ്ഥലം സന്ദർശിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്തെന്നും ഹുബ്ബള്ളിയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും എംഎൽഎ പറഞ്ഞു. മരണത്തിന് പിന്നാലെ ലൗ ജിഹാദ് ആരോപണം ഉയർന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് ആഭ്യന്തര മന്ത്രി ജി പരമേശ്വര രംഗത്തെത്തി. നേഹയും ഫൈസലും അടുപ്പത്തിലായിരുന്നെന്നും വിവാഹാഭ്യാർഥന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകമെന്നും ലൗ ജിഹാദ് ആരോപണം ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.