ഗർഭകാലത്ത് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ആശുപത്രിയിലേക്ക് പോയിട്ടുള്ളതെന്ന് നടി സ്നേഹ ശ്രീകുമാർ. ഗർഭിണിയായതിന് ശേഷമാണ് താൻ സ്വയം പര്യാപ്തയായത്. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സ്നേഹ ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാ സ്ത്രീകളും ഗർഭകാലത്ത് ഭർത്താവ് കൂടെ വേണമെന്നാണ് ആഗ്രഹിക്കുക. എന്നാൽ ശ്രീയ്ക്ക് പലപ്പോഴും തന്റെ കൂടെ വരാൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമേ ആശുപത്രിയിലെ ചെക്കപ്പിനും സ്കാനിങ്ങിനുമൊക്കെ ശ്രീ വന്നിട്ടുള്ളു. ബാക്കിയൊക്കെ താൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ആശുപത്രിയിലേക്ക് പോയിട്ടുള്ളതെന്ന് സ്നേഹ വ്യക്തമാക്കി.
മകൻ കേദാർ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചും താരം തുറന്നു സംസാരിച്ചു. കേദാർ വന്നതിന് ശേഷം തങ്ങൾ രണ്ട് പേരുടെയും ജീവിതം ആകെ മാറി മറിഞ്ഞു. കേദാർ വലിയ വാശിക്കാരനൊന്നുമല്ല. കുഞ്ഞ് ജനിച്ച് മുപ്പത്തിയേഴാമത്തെ ദിവസം മുതൽ താൻ അഭിനയിക്കാൻ ഇറങ്ങി. കേദാറും തനിക്കൊപ്പം അഭിനയിച്ചു. മകനൊപ്പം അമ്മയായി അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു. ചെണ്ടകൊട്ടുമ്പോഴും പാട്ടുപാടുമ്പോഴുമെല്ലാം ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. വലുതാകുമ്പോൾ എന്താകുമെന്ന് അറിയില്ല. അവന്റെ ഇഷ്ടമെന്താമോ അതിനനുസരിച്ച് വിടാൻ തങ്ങൾ ഒരുങ്ങി കൊണ്ടിരിക്കുകയാണെന്ന് സ്നേഹ പറഞ്ഞു.
പ്രസവ സമയത്ത് ശ്രീ ആശുപത്രിയിലുണ്ടായിരുന്നില്ല. പ്രസവ ശേഷമാണ് ശ്രീ ആശുപത്രിയിലെത്തിയത്. ഷൂട്ടിന്റെ തിരക്കിലായിരുന്നു. കുഞ്ഞിനെ എടുക്കാൻ ആദ്യം ശ്രീയ്ക്ക് പേടിയായിരുന്നു. സിസ്റ്റർമാർ നിർബന്ധിച്ച് കുഞ്ഞിനെ ശ്രീയുടെ കയ്യിൽ നൽകുകയായിരുന്നു. ഇപ്പോൾ പേടിയൊക്കെ മാറിയെന്നും സ്നേഹ ശ്രീകുമാർ കൂട്ടിച്ചേർത്തു.