ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളില്‍ താറാവുകളെ കൊന്നു മറവുചെയ്യുന്നത് പൂര്‍ത്തിയായി. ചെറുതന വാര്‍ഡ് മൂന്ന്, എടത്വ വാര്‍ഡ് ഒന്നിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം വരെ 17,280 താറാവുകളെയാണ് കൊന്നു മറവ് ചെയ്തത്. എടത്വയില്‍ 5,355 താറാവുകളെ കൊന്നു മറവ് ചെയ്തപ്പോള്‍ ചെറുതനയില്‍ 11,925 താറാവുകളെയുമാണ് കൊന്നൊടുക്കിയത്. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് ഇതിന് നേതൃത്വം നല്‍കിയത്.
പക്ഷികളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുക. കത്തിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ് പ്രത്യേക സംഘമെത്തി നാളെ അണുനശീകരണവും കോമ്ബിങ്ങും നടത്തും.
ആലപ്പുഴയില്‍ രണ്ട് സ്ഥലങ്ങളിലെ താറാവുകളില്‍ (ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ-എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്.ഒ.പി. പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.
പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. 2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.