ന്യൂഡൽഹി: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ചർച്ചകൾക്ക് ശേഷം ഇലക്ടറൽ ബോണ്ട് വീണ്ടും അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സുതാര്യതയില്ലാത്തതിന്റെ പേരിൽ സുപ്രീംകോടതി ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കുകയായിരുന്നു. പദ്ധതിയിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തിയിരുന്നു.
എല്ലാ വിഭാഗം ആളുകളുമായി ചർച്ച നടത്തി എല്ലാവർക്കും സ്വീകാര്യമാകുന്ന രീതിയിൽ ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവരും. സുതാര്യത ഉറപ്പാക്കി കള്ളപ്പണം ബോണ്ടുകളിലേക്ക് എത്തുന്നത് തടയും. സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ സമ്പദ്‍വ്യവസ്ഥയുടെ അവസ്ഥ വലിയ ചർച്ചയാകും. പണപ്പെരുപ്പം ലക്ഷ്യത്തിൽ തന്നെ നിർത്താൻ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അഴിമതിക്കാരണെന്നും വടക്ക്-തെക്ക് വിവേചനമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ധനമന്ത്രി ആരോപിച്ചു.ദ്രാവിഡ പാർട്ടികൾ ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 15നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണ് ഇലക്ടറൽ ബോണ്ടുകളുടെ ഘടനയെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.