ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയ്ക്ക് അനുമതിയില്ല. മാധ്യമ സ്ഥാപനത്തിന് കേന്ദ്ര സർക്കാർ വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. വെള്ളിയാഴ്‌ച വോട്ടെടുപ്പിൻ്റെ ആദ്യ ഘട്ടം റിപ്പോർട്ട് ചെയ്തുകൊണ്ടാണ് കേന്ദ്ര സർക്കാർ വിസ നിഷേധിച്ച വിവരം അൽ ജസീറ പുറത്തുവിട്ടത്.
വിസയ്ക്കായി അനുമതി തേടിയെങ്കിലും കേന്ദ്രം അപേക്ഷ നിഷേധിക്കുകയായിരുന്നുവെന്ന് അൽ ജസീറ പറഞ്ഞു. ഇന്ത്യയുടെ പുറത്തുനിന്നുകൊണ്ടാണ് നിലവിലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് സ്ഥാപനം വ്യക്തമാക്കി.
ഇതിനുമുമ്പും അൽ ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾക്കെതിരെ നരേന്ദ്ര മോദി സർക്കാർ നടപടിയെടുത്തിട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി.ബി.സിയുടെ ഡോക്യുമെന്ററിക്ക് പ്രദർശന വിലക്കേർപ്പെടുത്തിയതിന് പിന്നാലെ അൽ ജസീറയുടെ ഡോക്യുമെൻ്ററിയും ഇന്ത്യയിൽ വിലക്ക് നേരിട്ടിരുന്നു. രാജ്യത്തെ മുസ്‌ലിം വിഭാഗവുമായി ബന്ധപ്പെട്ട് അൽ ജസീറ നിർമിച്ച ‘ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസ്’ എന്ന ഡോക്യമെൻ്ററിയുടെ പ്രദർശനം അലഹബാദ് ഹൈക്കോടതിയാണ് വിലക്കിയത്.
ദിവസങ്ങൾക്ക് മുമ്പ് ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ച് പൂട്ടാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. ആദായനികുതി ലംഘനത്തെ തുടർന്നാണ് സർക്കാർ നടപടിയെന്നായിരുന്നു വിശദീകരണം. മുൻ ജീവനക്കാർ ഒരുമിച്ച് തുടങ്ങുന്ന കളക്‌ടീവ് ന്യൂസ് റൂം വഴി ആയിരിക്കും ഇനി ബി.ബി.സിയുടെ ഇന്ത്യയിലെ പ്രവർത്തനം.
ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ ബി.ബി.സിയുടെ മുംബൈയിലെയും ദൽഹിയിലെയും ഓഫീസുകളിൽ റെയ്‌ഡ് നടത്തിയിരുന്നു. തുടർന്ന് ചട്ടലംഘനം കണ്ടെത്തി നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 2021ലെ ചട്ടങ്ങൾ അനുസരിച്ച് പുതിയ രീതിയിൽ പ്രവർത്തനം തുടരുമെന്ന് ബി.ബി.സി അറിയിച്ചത്. ലോകത്ത് തന്നെ ആദ്യമായാണ് ബി.ബി.സിയുടെ പ്രവർത്തനം ഒരു രാജ്യത്ത് അവസാനിപ്പിക്കേണ്ടി വന്നത്.