ഭുവനേശ്വർ: ഒഡീഷയിലെ ബർഗഢ് ജില്ലയിലെ പഥർസെനികുടയിലെ ക്ഷേത്രം സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെ ബോട്ട് മറിഞ്ഞ് അപകടം. 35 കാരിയായ സ്ത്രീ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. കാണാതായവരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നു. ഛത്തീസ്ഗഢിലെ ഖർസിയ മേഖലയിൽ നിന്നുള്ള 50 ഓളം യാത്രക്കാർ സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്.
48 പേരെ രക്ഷപ്പെടുത്തിയതായും കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ആണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. അഞ്ച് സ്കൂബ ഡൈവർമാർ സ്ഥലത്തുണ്ട്. രണ്ട് അണ്ടർവാട്ടർ സെർച്ച് ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.