ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസിന്റെ സ്മാര്‍ട്‌ഫോണുകള്‍ വില്‍ക്കില്ലെന്ന നിലപാടില്‍ ഇന്ത്യയിലെ റീട്ടെയില്‍ വിതരണക്കാര്‍. ഉല്പന്നങ്ങള്‍ക്ക് നല്‍കുന്ന ഓഫറുകളുമായി ബന്ധപ്പെട്ട് വണ്‍പ്ലസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജ്യത്തെ മുന്‍നിര റീട്ടെയില്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ വണ്‍പ്ലസ് ഫോണുകള്‍ വില്‍ക്കില്ലെന്ന നിലപാടെടുത്തത്.
കാരണം
കാര്യമായ ലാഭം ലഭിക്കാത്ത മാര്‍ജിനുകളാണ് വണ്‍പ്ലസ് ഫോണുകള്‍ക്കുള്ളത്. വാറണ്ടി ക്ലെയിമുകള്‍ കൈകാര്യംചെയ്യുന്നതിലും സര്‍വീസ് നല്‍കുന്നതിലും കാലതാമസം നേരിടുന്നു എന്നതടക്കമുള്ള പ്രശ്‌നങ്ങളാണ് വിതരണക്കാര്‍ ഉന്നയിക്കുന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ 23 റീട്ടെയില്‍ ശൃംഖലയിലുള്ള 4,500 സ്റ്റോറുകളാണ് വണ്‍പ്ലസിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി വണ്‍പ്ലസ് ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ പ്രശ്‌നം നേരിടുന്നുണ്ടെന്നും അവ പരിഹരിക്കപ്പെട്ടില്ലെന്നും സൗത്ത് ഇന്ത്യന്‍ ഓര്‍ഗനൈസ്ഡ് റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീധര്‍ ടി.എസ് പറഞ്ഞു.
വാറന്റിയും സര്‍വീസും നല്‍കുന്നതിലുള്ള കാലതാമസം തങ്ങള്‍ക്ക് അധിക ബാധ്യതയാകുന്നുവെന്നും വിതരണക്കാര്‍ ആരോപിക്കുന്നു
കമ്പനിയുടെ പ്രതികരണം
കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രശ്‌നത്തിന് പുറകെയാണ് വണ്‍പ്ലസ്. എത്രയുംവേഗം ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് ഇപ്പോള്‍ കമ്പനിയുടെ പ്രതികരണം. രാജ്യത്തെ വിതരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് വണ്‍ പ്ലസ് പറഞ്ഞു. വിശ്വസ്തരായ റീട്ടെയില്‍ പങ്കാളികളില്‍നിന്ന് കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ലഭിക്കുന്ന എല്ലാവിധ പിന്തുണയ്ക്കും വണ്‍പ്ലസ് ഏറെ മൂല്യംനല്‍കുന്നുണ്ട്. നിലവില്‍ ഞങ്ങളുടെ പങ്കാളികളുമായിചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹകരണം ഉറപ്പുവരുത്താനുമുള്ള ശ്രമത്തിലാണെന്നും വണ്‍പ്ലസ് മാധ്യമങ്ങളോട് പറഞ്ഞു.