ഷാപ്പുകറികള്‍ക്ക് രുചി കൂടും. ഷാപ്പിലെ നാടന്‍ പാചകരീതിയാണ് വിഭവങ്ങളുടെ രുചി. നല്ല നാടൻ മസാലകളും ഭക്ഷണം പാകം ചെയ്യുന്ന രീതിയുമെല്ലാം വിഭവങ്ങൾക്ക് കൂടുതൽ സ്വാദ് നൽകും. ഷാപ്പ് മെനുവിലെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് കൊഞ്ച്.ഷാപ്പ് രുചിയില്‍ കൊഞ്ച് മസാല വീട്ടിൽ തയ്യറാക്കിയാലോ? വലിപ്പമേറിയ കൊഞ്ചാണ് ഇതിനു വേണ്ടത്.
ആവശ്യമായ ചേരുവകൾ
- കൊഞ്ച്-അരക്കിലോ
- സവാള-1
- തക്കാളി-2
- കുടംപുളി-4
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍സ്പൂണ്‍
- തേങ്ങ-അര മുറി
- തേങ്ങാക്കൊത്ത്-അരക്കപ്പ്
- മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
- മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
- നെയ്യ്-അര ടീസ്പൂണ്‍
- കടുക്-1 ടീസ്പൂണ്‍
- കറിവേപ്പില
- മല്ലിയില
- ഉപ്പ്
തയ്യറാക്കുന്ന വിധം
കൊഞ്ച് തോടു നീക്കി വൃത്തിയാക്കി വയ്ക്കുക. തേങ്ങ ഇളം ചുവപ്പാകുന്നതു വരെ വറുക്കുക. ഇതില്‍ മുളകുപൈാടി, മല്ലിപ്പൊടി, ഗരം മസാല പൗഡര്‍ എന്നിവ ചേര്‍ത്തിളക്കണം. പിന്നീട് സവാള അരിഞ്ഞതും ചേര്‍ത്തിളക്കി അല്‍പം കഴിയുമ്പോള്‍ വാങ്ങി ചൂടാറുമ്പോള്‍ മയത്തില്‍ അരച്ചെടുക്കുക. ഒരു മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക. ഇതില്‍ കടുകു പൊട്ടിയ്ക്കണം. കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് തക്കാളിയും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് കുടംപുളി പിഴിഞ്ഞതും ചേര്‍ക്കണം.
ഇതിലേയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്ന മസാലയുടെ പകുതി ചേര്‍ക്കണം. ഇത് അല്‍പനേരം വേവിയ്ക്കുക. മസാല ഒരുവിധം പാകമാകുമ്പോള്‍ ഇതിലേയ്ക്ക് കൊഞ്ച് ചേര്‍ക്കുക. ഇത് അടച്ചു വച്ചു വേവിയ്ക്കുക.
പകുതി വേവാകുമ്പോള്‍ കൊഞ്ചിനു മുകളിലായി ബാക്കി മസാലയും ഇടണം. ഇതിനു മുകളില്‍ അല്‍പം കറിവേപ്പിയിട്ട് അടച്ചു വച്ചു വേവിയ്ക്കുക. കൊഞ്ചു വെന്ത് മസാല നല്ലപോലെ പിടിച്ച് അല്‍പം കുറുകിക്കഴിയുമ്പോള്‍ നെയ്യില്‍ തേങ്ങാക്കൊത്തു വറുത്തതും ചേര്‍ത്തിളക്കണം.
അല്‍പം കഴിഞ്ഞ് ഇതിനു മുകളില്‍ കറിവേപ്പിലയിട്ട് വെളിച്ചെണ്ണ തൂകി വാങ്ങാം. ഷാപ്പ് രുചിയില്‍ കൊഞ്ച് മസാല തയ്യാര്‍.