മനസ്സിനെ നിറയ്ക്കുന്ന ഒരുപാട് കാഴ്ചകൾ മഹാരാഷ്ട്രയ്ക്ക് സ്വന്തമായിട്ടുണ്ട് . ഗ്രാമീണത തോന്നുന്ന പ്രദേശങ്ങളും കൊതിപ്പിക്കുന്ന മല നിരകളും, വെള്ളച്ചാട്ടങ്ങളും നിങ്ങളെ നിരാശരാക്കില്ല
എന്തൊക്കെ കാണാം?
മാൽവാൻ
ഒരു ക്യാൻവാസിൽ വരച്ചു വെച്ചിരിക്കുന്ന ചിത്രങ്ങൾ പോലെ മനോഹരമാണ് മഹാരാഷ്ട്രയിലെ നാടുകൾ. അതിലൊന്നാണ് മാൽവാൻ എന്ന തീരദേശം. തുറമുഖവും അവിടുത്തെ ജീവിതങ്ങളും നഗരങ്ങളിൽ കാണാൻ സാധിക്കാത്ത സാധാരണ ജീവിതങ്ങളും ഒക്കെ ഹൃദയത്തിലും ഫ്രെയിമിലും പകർത്തണം എന്നുള്ളവർക്ക് മാൽവാൻ തിരഞ്ഞെടുക്കാം. മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ ബീച്ച് കാഴ്ചകൾ കാണുവാൻ പറ്റിയ ഇടം കൂടിയാണ് മാൽവൻ.
തർകാർലി ബീച്ച്, മാൽവാൻ ബീച്ച്,നിവ്തി ബീച്ച്, ദേവ്ബാഗ് ബീച്ച്, സിന്ധുദുർഗ് കോട്ട, മാൽവാൻ മറൈൻ സാങ്ച്വറി തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള കാഴ്ചകൾ. ഒക്ടോബർ അവസാനം മുതൽ മേയ് പകുതി വരെയാണ് ഇവിടം സന്ദർശിക്കുവാനുള്ള സമയം.
കാഷിദ്
മഹാരാഷ്ട്രയിലെ കൂൾ കൂൾ ഇടങ്ങളിലൊന്നാണ് ഏതു കാലത്തും സന്ദർശിക്കുവാൻ യോജിച്ച കാഷിദ്. വെളുത്ത മണൽ നിറഞ്ഞു കിടക്കുന്ന ബീച്ചുകളാണ് ഇവിടുത്തെ കാഴ്ച. വേനൽക്കാലങ്ങളില്‍ ബാംഗ്ലൂരിൽ നിന്നും പൂനെയിൽ നിന്നുമൊക്കെ ഇഷ്ടം പോലെ സഞ്ചാരികളാണ് ഇവിടുത്തെ ബീച്ചുകൾ കാണാനായി വരുന്നത്.
മഹാബലേശ്വർ
ഏതു കാലാവസ്ഥയിലും എപ്പോൾ വേണമെങ്കിലും സഞ്ചാരികൾക്ക് ധൈര്യമായി തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് മഹാബലേശ്വർ. കൃഷ്ണ നദിയുടെ ഉത്ഭവ സ്ഥാനം എന്ന നിലയിൽ വിശ്വാസികൾക്കിടയിൽ പ്രസിദ്ധമായ മഹാബലേശ്വർ സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത് സ്ര്ടോബെറിയുടെ നാട് എന്നാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ പ്രസിഡൻസിയുടെ തലസ്ഥാനമായിരുന്ന ഇവിടം മഹാരാഷ്ട്രയുടെ ചരിത്രത്തോട് ഏറെ ചേർന്നു നിൽക്കുന്ന പ്രദേശം കൂടിയാണ്. സഹ്യാദ്രി മലനിരകളിലുള്ള ഇവിടെ വ്യൂ പോയിന്‍റുകളും വെള്ളച്ചാട്ടങ്ങളുമാണ് പ്രധാന കാഴ്ചകൾ. മാർച്ച് മുതൽ ജൂൺ വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.
മതേരൻ
മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മതേരൻ എന്നും സഞ്ചാരികൾക്ക് ഒരു അത്ഭുതമാണ്. പരിസ്ഥിതി വകുപ്പിന്‍റെ ഹരിത ഉദ്യാനമായി അറിയപ്പെടുന്ന ഇവിടെ വർധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ഈ പ്രദേശത്തെ ഒഴിവാക്കി നിർത്തുക എന്ന ലക്ഷ്യത്തിലാണ് ഇവിടെ മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.
ദസ്തുരി പോയന്റ് എന്ന സ്ഥലം വരെയാണ് ഇവിടെ വാഹനങ്ങൾ കൊണ്ടുവരുവാൻ കഴിയുക. ബാക്കിയുള്ള 2.5 കിലോമീറ്റർ ദൂരം നടന്നോ അല്ലെങ്കില്‍ മനുഷ്യർ കൈകൊണ്ട് വലിക്കുന്ന വണ്ടിയിലോ മുകളിലേക്ക് കയറാം.ഹാരാഷ്ട്രയിലെ ഏക ടോയ് ട്രെയിനും ഇവിടെയാണുള്ളത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷനും മതേരാനാണ്.
രത്നഗിരി
അറബിക്കടലിന്‍റെ തീരക്കാഴ്ചകൾ കാണിച്ചു തരുന്ന അതിമനോഹരമായ മറ്റൊരു ഇടമാണ് രത്നഗിരി. വെറും മണിക്കൂറുകൾ മാത്രമേ കണ്ടുതീർത്തിറങ്ങുവാന്‍ വേണ്ടിയുള്ളുവെങ്കിലും മഹാരാഷ്ട്രയിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്.
രത്നഗിരി കോട്ട, ബാസ്നി ലേക്ക്,ഭഗവതി മന്ദിർ,രത്തൻദുർഗ് കോട്ട തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ.ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.
ലോണാവാല
മുംബൈയുടെ രത്നം എന്നും മഹാരാഷ്ട്രയുടെ സ്വർഗ്ഗം എന്നുമൊക്കെ അറിയയപ്പെടുന്ന ലോണാവാല ഇവിടെ സന്ദർശിക്കേണ്ട പ്രധാന ഇടങ്ങളിലൊന്നാണ്. മുംബൈ സിറ്റിയുടെ തിരക്കുകളിൽ നിന്നും രക്ഷപെടുന്നവർ എത്തിച്ചേരുന്ന ഇടമാണിത്.
വ്യൂ പോയിന്റുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ടൈഗേഴ്സ് ലീപ്, ലോണാവാല ലേക്ക്, രാജ്മാച്ചി വന്യജീവി സങ്കേതം, കൊറിഗഡ് കോട്ട, അമൃതാജ്ഞൻ പോയിൻറ്, തുടങ്ങിയവയും ഇവിടെ കാണാം.ഒക്ടോബർ മുതൽ മേയ് വരെയാണ് ഇവിടെ സന്ദർശിക്കുവാനുള്ള സമയം.
അലിബാഗ്
സാധാരണ ബീച്ച് കാഴ്ചകൾ നോക്കി പോയാൽ ഇവിടെ എത്തുന്നവർ ഒന്നു അത്ഭുതപ്പെടും. മറ്റു ബാച്ചുകളിൽ വെളുത്ത മണൽ കിടക്കുമ്പോൾ ഇവിടെ മാത്രം അത് കറുത്ത മണലാണ്.
മഹാരാഷ്ട്രയിലെ ഗോവ എന്നാണ് അലിബാഗ് അറിയപ്പെടുന്നത്. തിരക്കും ബഹളവും തീരെ ഇല്ല എന്നു മാത്രമല്ല, ഇവിടെ എത്തുന്നവരും അങ്ങനെയൊരു അന്തരീക്ഷം ആഗ്രഹിച്ചെത്തുന്നവർ തന്നെയാണ്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റുന്ന ഇടമാണിത്. എങ്കിലും മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.
പാഞ്ചഗനി
അഞ്ച് മലകളുടെ കേന്ദ്രമായ പാഞ്ചഗനി മഹാരാഷ്ട്രയിലെ പാരാഗ്ലൈഡിങ് കേന്ദ്രമാണ്. വിദേശികളടക്കമുള്ള സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടം മലയാളികളടക്കമുള്ളവരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.
ഹൈക്കിങ്ങാണ് ഇവിടെ എത്തുന്നവർ തിരഞ്ഞെടുക്കുന്ന പ്രധാന സംഗതി. ടേബിൾ ലാൻഡ്, മാപ്രോ ഫാം, സിഡ്നി പോയിന്റ്, ലിംഗ്മല വെള്ളച്ചാട്ടം, ട്രക്കിങ്ങ്, എലിഫന്റ് ഹെഡ് പോയിന്റ് തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.സെപ്റ്റംബർ മുതൽ മേയ് വരെയാണ് ഇവിടം സന്ദര്‍ശിക്കേണ്ട ഇടങ്ങൾ.
ഹരിഹരേശ്വർ
ഇവിടുത്തെ പ്രാദേശികരായ ആളുകളുടെ പ്രധാനപ്പെട്ട ഇടമാണ് ഹരിഹരേശ്വർ. ബീച്ച് ഡെസ്റ്റിനേഷനായ ഇവിടെ പ്രധാന ആകർഷണം ഹരിഹരേശ്വര ക്ഷേത്രമാണ്.
വ്യത്യസ്തമായ ബീച്ച് കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്. സാവിത്രി നദിയും കനത്ത കാടുകളും ഒക്കെയാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്. പ്രകൃതി മനോഹരമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്.ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടേക്ക് സഞ്ചാരികൾക്ക് വരുവാൻ പറ്റിയ സമയം.