ന്യൂഡൽഹി: ഇന്ത്യ സന്ദർശനം മാറ്റിവെച്ച് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്. ടെസ്‌ലയുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ യാത്ര വൈകുമെന്ന് മസ്ക് എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച നടത്താൻ മസ്ക് തീരുമാനിച്ചിരുന്നത്. ഇന്ത്യ സന്ദർശിക്കാനും 2024ൽ ഇന്ത്യയിൽ നിക്ഷേപം നടത്താനും ആഗ്രഹിക്കുന്നതായി മസ്ക് അറിയിച്ചിരുന്നു.
ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു മുന്നോടിയായിട്ടാണ് മസ്ക് സന്ദർശനത്തിന് പദ്ധതിയിട്ടിരുന്നത്. ഇലോൺ മസ്ക് ഇന്ത്യയിൽ 300 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നതായാണ് സൂചന.
‘‘നിർഭാഗ്യവശാൽ, ടെസ്‌ലയുമായി ബന്ധപ്പെട്ട ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉള്ളതിനാൽ ഇന്ത്യ സന്ദർശനം വൈകും. ഈ വർഷം തന്നെ ഇന്ത്യ സന്ദർശനം നടത്താനാകുമെന്നാണ് കരുതുന്നത്.’’ എന്നായിരുന്നു മസ്ക് എസ്കിൽ കുറിച്ചത്. കേന്ദ്രം പുതിയ വൈദ്യുത വാഹന നയത്തിന് അംഗീകാരം നൽകിയതിനു പിന്നാലെയാണ് മസ്കിന്റെ ഇന്ത്യാ സന്ദർശനം വാർത്തയായത്.
ആഗോള വൈദ്യുത വാഹന നിർമാതാക്കളെ ഇന്ത്യൻ വിപണിയിലേക്ക് ആകർഷിക്കുന്ന വിധത്തിലാണ് നയം രൂപകല്പന ചെയ്തിരിക്കുന്നത്. ഇതോടെ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാകുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യയിലെ സ്പേസ് സ്റ്റാർട്ടപ്പുകളായ സ്കൈറൂട്ട് എയറോസ്പേസ്, അഗ്നികുൽ കോസ്മോസ്, ബെല്ലാട്രിക്സ് എയറോസ്പേസ്, ധ്രുവ സ്പേസ് അടക്കമുള്ളവയുടെ സ്ഥാപകരുമായും മസ്ക് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
Read also :മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു: ഏഴു പേരെ കാണാതായി