കിളിപാറും ഹ്യുണ്ടായി എക്‌സ്റ്ററിന്റെ വിലയും മൈലേജും അറിഞ്ഞാൽ

ഇന്ത്യയിലും എസ്‌യുവികൾ ട്രെൻഡ് ആയതോടെ ആളുകളെ കൈയിലെടുക്കാനുള്ള തന്ത്രങ്ങളാണ് വാഹനനിർമാതാക്കൾ ചെയ്യുന്നത്. ഹ്യുണ്ടായി എക്സ്റ്ററിനെ എസ്‌യുവി വിഭാഗത്തിലേക്ക് പുറത്തിറക്കിയതോടെ കളി മാറിയിരിക്കുകയാണ്. സാധാരണകാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയും വിധമാണ് ഹ്യുണ്ടായി എക്സ്റ്ററിനെ നിർമിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്.യു.വി) എക്‌സ്റ്റര്‍ വിപണിയിലെത്തുമ്പോൾ വില ആരംഭിക്കുന്നത് 5,99,900 രൂപ മുതലാണ്. ഇതിന്റെ തന്നെ ഉയർന്ന മോഡലിന് 9,31,990 രൂപയുമാണ്.

എക്‌സ്, എസ്, എസ്.എക്‌സ്, എസ്.എക്‌സ്(ഒ), എസ്.എക്‌സ്(ഒ) കണക്റ്റ് എന്നിങ്ങനെ 5 വകഭേദങ്ങളിലും പെട്രോള്‍, സി.എന്‍.ജി എഞ്ചിനുകളിലും വാഹനം ലഭ്യമാണ്. 11,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാം. ഹാര്‍ദിക് പാണ്ഡ്യയാണ് എക്സ്റ്ററിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

എന്‍ജിന്‍, മൈലേജ്

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. 81.86 ബി.എച്ച്.പി കരുത്തും 113.8 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ പ്രദാനം ചെയ്യുന്നു. സി.എന്‍.ജി വകഭേദത്തിന് 68 ബി.എച്ച്.പി കരുത്തും 95.2 എന്‍.എം ടോർക്കുമുണ്ട്. മാനുവല്‍, ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ പെട്രോള്‍ വാഹനം ലഭിക്കും. പെട്രോള്‍ മാനുവല്‍ ഓപ്ഷന് 19.4 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക്കിന് 19.2 കിലോമീറ്ററും. സി.എന്‍.ജി കിറ്റുള്ള വാഹനത്തിന് 27.10 കിലോമീറ്റര്‍ മൈലേജും ലഭിക്കും.

സുരക്ഷാ സംവിധാനങ്ങള്‍

സുരക്ഷാ സംവിധാനങ്ങളിലും മികവ് പുലര്‍ത്തുന്നുണ്ട് എക്സ്റ്റര്‍. ആറ് എയര്‍ ബാഗുകള്‍, ത്രി-പോയ്ന്റ് സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയുണ്ട്. ആക്റ്റീവ് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹെഡ്‌ലാംപ് എസ്‌കോര്‍ട്ട് ഫംഗ്ഷന്‍, ഓട്ടോ ഹെഡ് ലാംപ്‌സ്, റിയര്‍ ഡീഫോഗര്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിങ്ങനെ 40 ഓളം സുരക്ഷാ സൗകര്യങ്ങളുണ്ട്. അടിസ്ഥാന വകഭേദങ്ങളായ ഇ, എസ് എന്നീ മോഡലുകള്‍ക്ക് ചില ഫീച്ചറുകള്‍ നല്‍കിയിട്ടില്ല.

എക്സ്റ്റീരിയര്‍/ ഇന്റീരിയര്‍

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10, നിയോസ്, ഓറ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഹ്യുണ്ടായ് എക്‌സ്റ്ററിന്റെ വരവ്. ഹ്യുണ്ടായുടെ പുതിയ മോഡലുകളില്‍ കാണുന്ന പാരാമെട്രിക് ഡിസൈനാണ് എക്സ്റ്ററും പിന്തുടരുന്നത്.

ഹൈ എന്‍ഡ് വകഭേദങ്ങളില്‍ 15 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളാണ് നല്‍കിയിട്ടുള്ളത്. വാഹനത്തിന് 3,815 എം.എം നീളവും 1,710 എം.എം വീതിയും 1,631 എം.എം ഉയരവുമുണ്ട്. വീല്‍ബേസ് 2,450 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് 185 എം.എം.

Read also :കണ്ടാൽ കുഞ്ഞൻ കാർ, എന്നാൽ ബജാജ് ക്യൂട്ട് കാർ അല്ല