‘ഒന്നില്‍ പിഴച്ചാല്‍ മൂന്നല്ല’, ‘ഒന്നുമില്ല’ എന്നാണ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ധനവകുപ്പ്

‘ഒന്നില്‍ പിഴച്ചാല്‍ മൂന്ന്’ എന്നാണ് പ്രാമണം. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരെ അപേക്ഷിച്ച് ഒന്നില്‍ പിഴച്ചാല്‍ പിന്നെ എല്ലാം പിഴച്ചു പോകുമെന്നാണ്. മൂന്നാം തവണയും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഇടതുപക്ഷ സര്‍ക്കാര്‍ പറ്റിച്ചിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡുവും പണമായി നല്‍കാന്‍ തയ്യാറല്ലെന്നാണ് ധനകുപ്പിന്റെ വാറോല. ഏപ്രില്‍ ഒന്നിനു വിതരണം ചെയ്യേണ്ട മൂന്നാം ഗഡു ശമ്പള കുടിശിക പിഎഫ് അക്കൗണ്ടിലേക്കു ലയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരുട്ടടിയുമായിട്ടുണ്ട്. മൂന്നാം ഗഡു ശമ്പള കുടിശിക പ്രൊവിഡന്‍ ഫണ്ടിലേക്ക് ലയിപ്പിക്കാന്‍ സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാര്‍ക്കു (ഡിഡിഒ) ധനവകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതോടൊപ്പം പലിശയും വെട്ടിക്കുറച്ചിട്ടുണ്ട്. മുടക്കം വന്ന ആദ്യ രണ്ടു ഗഡു പി.എഫില്‍ ലയിപ്പിച്ചപ്പോള്‍ 8.7 ശതമാനം പലിശയാണ് നല്‍കിയിരുന്നത്. എന്നാല്‍, ഇത് 7.6 ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

പിഎഫ് പലിശയുടെ അതേ നിരക്കാണ് 2017 ഒക്ടോബര്‍ ഒന്നു മുതലുള്ള കുടിശികത്തുകയുടെ പലിശയ്ക്ക് ഇത്തവണ ബാധകമാക്കിയതും. പെന്‍ഷന്‍കാരുടെ കുടിശിക 2017 ഒക്ടോബര്‍ ഒന്നുമുതല്‍ ഈ മാസം 31 വരെയുള്ള പലിശ കൂട്ടിച്ചേര്‍ത്ത് ഏപ്രില്‍ 20 മുതല്‍ ട്രഷറി വഴിയും ബാങ്ക് വഴിയും വിതരണം ചെയ്യാനും ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ നാലാമത്തെയും അവസാനത്തെയും ഗഡു ഒക്ടോബറില്‍ ലയിപ്പിക്കും.

ശമ്പള പരിഷ്‌കരണ കുടിശിക പണമായി നല്‍കാനായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, ഈ വന്‍ ബാധ്യത ഏറ്റെടുക്കാന്‍ കഴിയാതെ വന്നതിനാലാണ് പിഎഫില്‍ ലയിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ലയിപ്പിക്കുന്ന തുക പിഎഫ് വ്യവസ്ഥകള്‍ക്കു വിധേയമായി പിന്‍വലിക്കാനുമാകും. പാര്‍ട് ടൈം അധ്യാപകര്‍ക്കും 2014 ജൂലൈ ഒന്നിനും ഈ മാസം 31നും ഇടയില്‍ വിരമിച്ചവര്‍ക്കും മൂന്നാം ഗഡു പണമായി നല്‍കും.

കഴിഞ്ഞ ഗഡുക്കള്‍ ലയിപ്പിക്കാന്‍ വൈകിയതു കാരണം ജീവനക്കാര്‍ക്കുണ്ടാകുന്ന പലിശ നഷ്ടം ഡിഡിഒമാരില്‍ നിന്ന് ഈടാക്കി നല്‍കാനും ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നതില്‍ ജീവനക്കാര്‍ക്ക് സംശയമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്ത് ശമ്പള കുടിശിക പണമായി കിട്ടുമെന്നുള്ള സ്വപ്‌നമൊന്നും സര്‍ക്കാര്‍ ജീവനക്കാര്‍ കണ്ടിരുന്നില്ല എന്നതാണ് സത്യം.

എന്നാല്‍, ആ കുടിശിക കിട്ടിയാല്‍, വിവിധ ബാങ്കികളില്‍ നിന്നും എടുത്തിട്ടുള്ള വായ്പാ തിരിച്ചടവിനെങ്കിലും ഉപകരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ട്. നിലവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തലാണ് സംസ്ഥാനവും. ഈ സാഹചര്യത്തില്‍ ശമ്പള കുടിശിക പണമായി നല്‍കി ജീവനക്കാരെ സര്‍ക്കാര്‍ സന്തോഷിപ്പിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

4 ഗഡുക്കളായി ശമ്പള പരിഷ്‌കരണ കുടിശിക നല്‍കുമെന്നായിരുന്നു 2021 ഫെബ്രുവരിയില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വാഗ്ദാനം. 2019 ജൂലൈ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള ശമ്പള പരിഷ്‌കരണ കുടിശിക 4 ഗഡുക്കളായി 2023 ഏപ്രില്‍, ഒക്ടോബര്‍, 2024 ഏപ്രില്‍, നവംബര്‍ മാസങ്ങളിലായി ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന വാഗ്ദാനം.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ 2023ല്‍ ലഭിക്കേണ്ട ഒന്നും രണ്ടും ഗഡുക്കള്‍ അനന്തമായി മരവിപ്പിച്ച് ഉത്തരവിറക്കി. ഒന്നാം ഗഡു നല്‍കേണ്ട സമയത്ത് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് തീരുമാനം നീട്ടിവെച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ അയവ് വന്നിട്ടില്ലെന്ന് സൂചിപ്പിച്ചാണ് രണ്ടാം ഗഡുവിന്റെ പി.എഫ് ലയനം ‘ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ’ നീട്ടിവെച്ച് ഉത്തരവിറക്കിയത്.

ഇതോടെ, തുടര്‍ ഗഡുക്കളുടെ കാര്യവും അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇപ്പോള്‍ മൂന്നാം ഗഡുവിന്റെ കാര്യത്തിലും തീരുമാനമായിരിക്കുന്നു. 2022-23 വര്‍ഷത്തെ ലീവ് സറണ്ടര്‍ പി.എഫില്‍ ലയിപ്പിച്ചിട്ടുണ്ട്. ഇത് 2027ല്‍ മാത്രമേ പിന്‍വലിക്കാനാകൂ. ഡി.എ കുടിശ്ശിക ആറുഗഡുക്കളാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. ഇതിന്റെ കാര്യത്തിലും തീരുമാനമൊന്നുമായിട്ടില്ല.

ശമ്പള പരിഷ്‌കരണ കുടിശിക ഇനത്തില്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് ആകെ 4000 കോടി രൂപയയാണ്. ശമ്പള പരിഷ്‌കരണ കുടിശിക ഇനത്തില്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടത് 64,000 രൂപ മുതല്‍ 3,76,400 രൂപ വരെയും. മരവിപ്പിച്ച ആദ്യ 2 ഗഡുക്കള്‍ കൊടുക്കാന്‍ വേണ്ടത് 2000 കോടി ആയിരുന്നു. ഇത് അനുവദിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ പരിതാപകരം ആകുമെന്നായിരുന്നു മരവിപ്പിച്ച ഉത്തരവില്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്.