ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവിനെ നാട്ടുകാർ തടഞ്ഞതായി ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്. വെറുതെയങ്ങു തടയുകയല്ല. സിര്‍സ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ അശോക് തന്‍വാറിനെ നാട്ടുകാര്‍ കല്ലും വടിയും ഉപയോഗിച്ച് ഓടിച്ചുവിടുന്ന ദൃശ്യമെന്ന രീതിയിലാണ് വീഡിയോ പ്രചാരത്തിലുള്ളത്.
പ്രചരിക്കുന്ന വിഡിയോയിൽ പറയുന്നത് “ഇത് ഹരിയാനയില്‍ നിന്നുള്ള രംഗം. സിര്‍സ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അശോക് തവറിന്റെ കാര്‍ അടിച്ചു തകര്‍ത്ത് കല്ലും വടികളുമായി ഓടിക്കുന്ന നാട്ടുകാര്‍..” എന്നാണ്.
എന്താണ് ഈ പറയുന്നതിലെ യാഥാർഥ്യം എന്ന് പരിശോധിക്കാം.
ഹരിയാനയിലെ സിര്‍സ മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ സ്ഥാനാര്‍ഥിയാണ് അശോക് തന്‍വാര്‍. എന്നാല്‍ വൈറല്‍ വീഡിയോ അശോക് തന്വാറിനെതിരായ പ്രതിഷേധമാണോ എന്ന വിവരമാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. Bharat News എന്ന യുട്യൂബ് ചാനലില്‍ 2021 ജൂലൈ 11ന് ഇതേപോലൊരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ഹരിയാന ഡെപ്യൂട്ടി സ്പീക്കര്‍ രണ്‍ബീര്‍ ഗാങ്വയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞതായാണ് ഈ വീഡിയോയില്‍ നല്‍കിയിരിക്കുന്ന കുറിപ്പ്.
The sadkarma എന്ന മറ്റൊരു വേരിഫൈഡ് യുട്യൂബ് ചാനലില്‍ ഇതേ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് കണ്ടെത്തി. ഇതുപ്രകാരം സംഭവം നടന്നത് ഹരിയാനയിലെ സിര്‍സയിലുള്ള ചൗധരി ദേവി ലാല്‍ സര്‍വ്വകലാശാലയ്ക്ക് മുന്നിലാണ്. ഇവിടെ ബിജെപി മീറ്റിംഗ് നടന്നപ്പോള്‍ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. മീറ്റിംഗിനു ശേഷം പുറത്തെത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ രണ്‍ബീര്‍ ഗാങ്വയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഡെപ്യൂട്ടി സ്പീക്കറുടെ വാഹനവ്യൂഹം തടഞ്ഞതിന് അഞ്ച് കര്‍ഷകരെ അറസ്റ്റ് ചെയ്തതായി 2021 ജൂലൈ 11ന് ‘ജാഗരണ്‍’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഹരിയാനയില്‍ ബിജെപിയുടെ ജില്ലാ കമ്മറ്റികള്‍ ചേരുന്നതിന്റെ ഭാഗമായി ചൗധരി ദേവീ ലാല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന യോഗത്തില്‍ പ്രതിഷേധമുണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ് എന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. യോഗത്തിനുശേഷം യൂണിവേഴ്സിറ്റിക്ക് പുറത്തെത്തിയ ഡപ്യൂട്ടി സ്പീക്കറെ കര്‍ഷകര്‍ തടയുകയായിരുന്നു. ഇതേ വാര്‍ത്ത മറ്റ് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചി ട്ടുണ്ട്. വൈറല്‍ വീഡിയോ തനിക്കെതിരായ പ്രതിഷേധമല്ലെന്നും വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അശോക് തന്‍വാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ചിലയിടങ്ങളില്‍ അശോക് തന്‍വാറിനെതിരെ കര്‍ഷകര്‍ പ്രതിഷേധം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
പക്ഷെ, ലഭ്യമായ വിവരങ്ങളിൽ നിന്നും പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളും കുറിപ്പും അശോക് തന്‍വാറിന് എതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നതല്ല എന്ന് വ്യക്തമാണ്.