ലഖ്‌നൗ: ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പുറത്താക്കാന്‍ ഒറ്റ കൈയിൽ പന്ത് ഒതുക്കി ജഡേജ എടുത്ത ക്യാച്ച് വൈറലായി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവീന്ദ്ര ജഡേജ. താരം ഈക്കാര്യം പലതവണ ഗ്രൗണ്ടിൽ അടിവരയിട്ടു തെളിയിച്ചതാണ്.
ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ താരം എടുത്ത ക്യാച്ചാണ് ശ്രദ്ധേയമായത്. ഈ ക്യാച്ചിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ആരാധകരെ മാത്രമല്ല ഈ ക്യാച്ച് അമ്പരപ്പിച്ചത്. ടീം ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് പോലും വിശ്വസിക്കാനാകാതെ അമ്പരന്നു നില്‍ക്കുന്നതു കാണാം.
പുറത്തായോ എന്നു മനസിലാകാതെ രാഹുലും ഒരുവേള സംശയിച്ചാണ് ക്രീസ് വിട്ടു പോകുന്നത്. രാഹുലിനെ പുറത്താക്കാന്‍ ഇടത്തേക്ക് ഡൈവ് ചെയ്ത് പന്ത് ഒറ്റ കൈയിൽ പിടിക്കുന്നത് അതിവേഗത്തിലാണ് ഈ വേഗതയാണ് ആ ക്യാച്ചിനെ സവിശേഷമാക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളുടെ പട്ടികയില്‍ ഉറപ്പായും ഈ പ്രകടനം ഇടംപിടിക്കുമെന്നു കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ എക്‌സില്‍ കുറിച്ചു.