ഫുജൈറ: ഇന്ത്യയുടെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനാധിപത്യം പൂർണാർഥത്തിൽ നിലനിൽക്കാനുള്ള ശ്രമത്തിൽ ഓരോരുത്തരും പങ്കാളികളാകണമെന്ന് ഫുജൈറയിൽ ചേർന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഇൻകാസ് ഫുജൈറ പ്രസിഡന്റും യു.ഡി.എഫ് ചെയർമാനുമായ കെ.സി അബൂബക്കർ അധ്യക്ഷത വഹിച്ച യോഗം കെ.എം.സി.സി യു.എ.ഇ പ്രസിഡന്റും യു.ഡി.എഫ് കേന്ദ്ര കമ്മിറ്റി ചെയർമാനുമായ ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി നേതാവ് റഷീദ് ജാതിയേരി മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് ജനറൽ സെക്രട്ടറി ജോജു മാത്യു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം നടത്തി സംസാരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ബഷീർ ഉളിയിൽ, ഇൻകാസ് നേതാക്കളായ പ്രേമിസ് പോൾ, ജിതേഷ് നമ്പറോൺ തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി ഫുജൈറ പ്രസിഡന്റ് മുബാറക് കോക്കൂർ സ്വാഗതവും ട്രഷറർ സി.കെ അബൂബക്കർ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കെ.സി അബൂബക്കർ ചെയർമാനും മുബാറക് കോക്കൂർ ജനറൽ കൺവീനറുമായി യു.ഡി.എഫ് ഏകോപന സമിതി രൂപവത്കരിച്ചു.
പുത്തൂർ റഹ്മാൻ മുഖ്യ രക്ഷാധികാരിയും പി.സി. ഹംസ രക്ഷാധികാരിയുമാണ്. ജോജു മാത്യു, സിറാജ് വി.എം, ജി. പ്രകാശ്, അനന്തൻ പിള്ള, നാസർ പാണ്ടിക്കാട്, ജിതേഷ് നമ്പറോൺ, റഷീദ് ജാതിയേരി, ബഷീർ ഉളിയിൽ, സി.കെ. അബൂബക്കർ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.