മലപ്പുറം: സ്ത്രീകളുടെയും കുട്ടികളുടെയും നീതിക്കൊപ്പം വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് എപ്പോഴും ഉണ്ടായിരിക്കുമെന്നും ചാലിയാർ പെൺകുട്ടിക്കുവേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും നൽകി പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതുവരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും സംസ്ഥാന വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി. കരാട്ടെ പരിശീലനത്തിന്റെ മറവിൽ ഇരയാക്കപ്പെട്ട ‘ചാലിയാർ പെൺകുട്ടിക്ക് നീതി വേണം’ എന്ന ആവശ്യമുന്നയിക്കുകയും നിയമ പോരാട്ടങ്ങൾക്ക് ഐക്യ ദാർഢ്യം അർപ്പിക്കുകയും ചെയ്ത് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് എടവണ്ണപ്പാറയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഒരു ലോകത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചതാണ് എന്റെ മകൾ എന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച കുട്ടിയുടെ മാതാവ് എം കെ സൈനബ ടീച്ചർ വികാരനിർഭരമായി പറഞ്ഞു. ഐക്യദാർഢ്യ സദസ്സിൽ ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ അധ്യക്ഷത വഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സ്റ്റേറ്റ് കമ്മിറ്റി അംഗം റംല മമ്പാട്, ജില്ലാ വൈസ് പ്രസിഡണ്ട് ഹസീന വഹാബ്, ഫ്രറ്റേണിറ്റി കൊണ്ടോട്ടി മേഖല വൈസ് പ്രസിഡന്റ് സഫ പർവിൻ, സഫ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം നാജിയ കൊണ്ടോട്ടി സ്വാഗതവും സഈദ നന്ദിയും പറഞ്ഞു.