മലപ്പുറം വേങ്ങര കണ്ണമംഗലത്ത് ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരു ഫുഡ് ഫാക്ടറിക്ക് തീയിട്ട സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഫാക്ടറിക്കായി ഇറക്കുമതി ചെയ്ത വിലയേറിയ യന്ത്രങ്ങൾ, കമ്പ്യൂട്ടറുകൾ, ഓഫീസ് സാമഗ്രികൾ എന്നിവയടക്കം ഏകദേശം 15 ലക്ഷം രൂപയുടെ വസ്തുക്കൾ കത്തിനശിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
തീപിടിത്തം സംബന്ധിച്ച് ആദ്യം സ്വാഭാവിക അപകടമെന്നാണ് കരുതിയിരുന്നതെങ്കിലും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഇത് അട്ടിമറിയാണെന്ന് സ്ഥിരീകരിച്ചത്. ദൃശ്യങ്ങളിൽ, മുഖം മറയ്ക്കാതെ ഫാക്ടറിയുടെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രതി, ഓഫീസിനുള്ളിലെ സാധനങ്ങൾ വലിച്ചിടുകയും തുടർന്ന് തീയിടുകയുമായിരുന്നു. പ്രതി ഫാക്ടറിയിലേക്ക് വരുന്ന ദൃശ്യങ്ങളും മാധ്യമങ്ങൾ വഴി പുറത്തുവിട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണമംഗലം സ്വദേശിയാണ് പ്രതിയെന്നാണ് അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. പ്രതിയെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണം വേങ്ങര പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഫുഡ് ഫാക്ടറിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച ഈ തീവെപ്പിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
വീഡിയോ കടപ്പാട് മനോരമ ന്യൂസ്:
















