തിരുവനന്തപുരം: ക്രൈം പത്രാധിപർ നന്ദകുമാറിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയ്ക്കും അഗ്നിരക്ഷാസേനാ മേധാവി കെ. പത്മകുമാറിനും എതിരേ കേസ്. മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ഇരുവർക്കുമെതിരേ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തിരിക്കുന്നത്. മേയ് 31-ന് ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചു.
2010 ൽ ക്രൈം നന്ദകുമാർ നൽകിയ പരാതിയിലാണ് കേസ്. പരാതി നൽകി 14 വർഷം കഴിഞ്ഞാണ് കേസ് എടുത്തത്. ശോഭനാ ജോർജും അന്തരിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ അരുൺകുമാർ സിൻഹയും കേസിൽ പ്രതികളാണ്. 1999ൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത സംഭവത്തിലെ പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
മോഷണ കുറ്റത്തിന് പുറമെ പ്രതികള്‍ക്കെതിരെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, വ്യാജ തെളിവ് നല്‍കല്‍, ഇലക്ട്രോണിക്‌സ് തെളിവുകള്‍ നശിപ്പിക്കല്‍, എന്നീ കുറ്റങ്ങളും ചുമത്തി. വ്യാജ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന ശോഭന ജോർജിൻ്റെ പരാതിയിൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തുരുന്നു. നായനാർ സർക്കാരിൻ്റെ കാലഘട്ടത്തിലായിരുന്നു അറസ്റ്റ്. അന്ന് മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.