വോട്ടെടുപ്പിന്‍റെ പിറ്റേന്ന് യുപിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

ലക്നൗ: വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബാധിച്ച് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ബിജെപിയുടെ ജില്ലാ മീഡിയ ഇൻചാർജ് സഞ്ജയ് ധാക്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് മരണ വിവരം അറിയിച്ചത്.

ഇന്നലെയായിരുന്നു മുറാദാബാദിലെ വോട്ടെടുപ്പ്. 2014ല്‍ മുറാദാബാദ് എംപിയായിരുന്നു കുൻവര്‍ സര്‍വേശ് സിങ്. 2019ല്‍ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു. എംപിയാകുന്നതിന് മുമ്പ് അഞ്ച് തവണ എംഎല്‍എ ആയിരുന്നു.

കഠിനാധ്വാനിയും മൊറാദാബാദിലെ ബിജെപി പ്രവർത്തകരുടെ പ്രചോദനവുമായ കുൻവർ സിംഗിന്റെ അപ്രതീക്ഷിത വിയോ​ഗം വേദനാജനകമാണെന്നും അദ്ദേഹത്തിന്റെ വിയോ​ഗം നികത്താനാവാത്ത നഷ്ടമാണെന്നും ബിജെപി ഉത്തർപ്രദേശ് അദ്ധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി എക്സിൽ കുറിച്ചു.