ന്യൂഡല്‍ഹി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി കാപിറ്റല്‍സിന് 67 റണ്‍സിന്‍റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തില്‍ 89) കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചെടുത്തിരുന്നത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് 19.1 ഓവറില്‍ 199 റണ്‍സെടുക്കാനാണ് സാധിച്ചത്.
ഹെഡിന് പുറമെ ഷഹ്ബാസ് അഹ്മ്മദ് (29 പന്തില്‍ 59), അഭിഷേക് ശര്‍മ (12 പന്തില്‍ 46) നിര്‍ണായ പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ സന്ദർശകർക്ക് സ്വപ്ന തുടക്കമാണ് ലഭിച്ചത്. ഓപ്പൺമാരായ ഓസീസ് താരം ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് തുടരെ ബൗണ്ടറിയും സിക്‌സറും പായിച്ച് റൺറേറ്റ് കുത്തനെ ഉയർത്തി. 5 ഓവറിൽ നൂറുപിന്നിട്ട എസ്ആർഎച്ച് പവർപ്ലെയിൽ 125 എന്ന റെക്കോർഡ് സ്‌കോറിലേക്കുമെത്തി. റണ്ണൊഴുക്ക് തടയാൻ പവർപ്ലെയിൽ അഞ്ച് ബൗളർമാരെ ഡൽഹി നായകൻ മാറിമാറി പരീക്ഷിച്ചെങ്കിലും രക്ഷയുണ്ടായില്ല. 2017ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കുറിച്ച 105 റൺസാണ് ഹൈദരാബാദ് ഡൽഹിയിൽ മറികടന്നത്. ഇതിനിടെ സീസണിലെ അതിവേഗ അർധസെഞ്ച്വറിയും(16 പന്തിൽ) ട്രാവിസ് ഹെഡ് സ്വന്തമാക്കി.
7ാം ഓവറിൽ കുൽദീപ് യാദവാണ് ഒടുവിൽ ഡൽഹിക്ക് ആശ്വാസമായെത്തിയത്. തകർത്തടിച്ച അഭിഷേകിനെ അക്‌സർ പട്ടേലിന്റെ കൈയിലെത്തിച്ചു. 12 പന്തിൽ രണ്ട് ബൗണ്ടറിയും ആറു സിക്‌സറും സഹിതം 46 റൺസാണ് സമ്പാദ്യം. തൊട്ടുപിന്നാലെ എയ്ഡൻ മാർക്രത്തിനേയും (1) പുറത്താക്കി കുൽദീപ് ഇരട്ടപ്രഹരം നൽകി. വിക്കറ്റ് വീഴുമ്പോഴും ഒരുവശത്ത് ട്രാവിസ് ഹെഡ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. ഒടുവിൽ കുൽദീപ് സ്പിൻ കെണിയിൽ ഹെഡ് വീണു.സിക്‌സറുമായി തുടങ്ങിയ ഹെൻറിക് ക്ലാസനെ (എട്ട് പന്തിൽ 15) അക്‌സർ പട്ടേൽ ക്ലീൻ ബൗൾഡാക്കിയതോടെ 20ന് മേൽ ഉയർന്ന റൺറേറ്റ് പതുക്കെ താഴേക്ക് വന്നു. നിതീഷ് കുമാർ റെഡിയും ഷഹബാസ് അഹമ്മദും ചേർന്ന് മധ്യ ഓവറുകളിൽ കരുതലോടെ കളിച്ചതോടെ റൺറേറ്റ് കുത്തനെ താഴ്ന്നു. 27 പന്തിൽ 37 റൺസ് നേടിയ നിതീഷിനെയും കുൽദീപ് മടക്കി. അവസാന ഓവറുകളിൽ ഷഹബാദ് അഹമ്മദ് തകർത്തടിച്ചതോടെ സ്‌കോർ 266 ലേക്കെത്തിക്കാനായി.
മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റ് ഡല്‍ഹിക്ക് നഷ്ടമായി. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണര്‍ (1) ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്‍കി. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ യുവതാരം ഫ്രേസര്‍ നടത്തിയ വെടിക്കെട്ടാണ് പവര്‍ പ്ലേയില്‍ ഡല്‍ഹിയെ മികച്ച നിലയിലെത്തിച്ചത്. സുന്ദറിന്റെ രണ്ടാം ഓവറില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് ഫ്രേസര്‍ അടിച്ചെടുത്തത്. നാലാം വിക്കറ്റില്‍ അഭിഷേക് പോറലിനൊപ്പം (22 പന്തില്‍ 42) 84 റണ്‍സ് ചേര്‍ത്താണ് ഫ്രേസര്‍ മടങ്ങിയത്. യുവതാരം മടങ്ങുമ്പോള്‍ ഡല്‍ഹി ഏഴ് ഓവറില്‍ മൂന്നിന് 103 എന്ന നിലയിലായിരുന്നു.
പിന്നീടെത്തിയവരില്‍ റിഷഭ് പന്ത് (35 പന്തില്‍ 44) ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. പന്തിനാവട്ടെ താളം കണ്ടെത്താന്‍ സാധിച്ചതുമില്ല. ഇതിനിട പോറലും മടങ്ങി. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (10), ലളിത് യാദവ് (7), അക്‌സര്‍ പട്ടേല്‍ (6), ആന്റിച്ച് നോര്‍ജെ (0), കുല്‍ദീപ് യാദവ് (0) എന്നിവരും മടങ്ങി. പന്ത് അവസാന ഓവറിലും പുറത്തായി. മുകേഷ് കുമാര്‍ (0) പുറത്താവാതെ നിന്നു.