റഫാ/നൂർ ഷംസ്: റഫായിൽ 6 കുട്ടികളും 2 സ്ത്രീകളുമടക്കം 9 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 34,049 ആയി. വെസ്റ്റ് ബാങ്കിൽ സൈനികനടപടി ശക്തമാക്കിയതോടെ 4 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ വീട് നഷ്ടമായവർ അഭയം തേടിയ റഫായിലെ ടെൽ സുൽത്താൻ പ്രദേശത്തെ താമസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 9 പേരാണ് കൊല്ലപ്പെട്ടത്. 68 പേർക്കു പരുക്കേറ്റു. വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിലെ 10 ലക്ഷത്തിലധികം പേർ അഭയം തേടിയിരിക്കുന്നത് ഈജിപ്ത് അതിർത്തിയോടു ചേർന്നുള്ള റഫായിലാണ്. കഴിഞ്ഞ ദിവസം മാത്രം ഗാസയിൽ 68 പേർ കൊല്ലപ്പെട്ടു.
വെസ്റ്റ് ബാങ്കിലെ നൂർ ഷംസ് പട്ടണത്തോടു ചേർന്നുള്ള തൂൽകറം അഭയാർഥി ക്യാംപിലാണ് 15 വയസ്സുകാരനുൾപ്പെടെ 4 പേർ കൊല്ലപ്പെട്ടത്. 3 പേർ തങ്ങളുടെ അംഗങ്ങളാണെന്ന് ഇസ്‍ലാമിക് ജിഹാദ് ഗ്രൂപ്പ് സ്ഥിരീകരിച്ചു. ഒക്ടോബറിൽ ദക്ഷിണ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു ശേഷമുണ്ടായ നടപടികളിൽ വെസ്റ്റ് ബാങ്കിൽ ഇതുവരെ 460 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.