ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വെല്ലുവിളിച്ച് ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്നു ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കും. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി (കോൺഗ്രസ്), അഖിലേഷ് യാദവ് (എസ്), ശരദ് പവാർ (എൻസിപി), എം.കെ.സ്റ്റാലിൻ (ഡിഎംകെ), ഉദ്ധവ് താക്കറെ (ശിവസേന) തേജസ്വി യാദവ് (ആർജെഡി), സീതാറാം യച്ചൂരി (സിപിഎം), ഡി.രാജ (സിപിഐ), ദിപാങ്കർ ഭട്ടാചാര്യ (സിപിഐ എംഎൽ), അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത (ആം ആദ്മി പാർട്ടി) തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ടെന്നു ജെഎംഎം നേതാക്കൾ അറിയിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും (തൃണമൂൽ) ക്ഷണമുണ്ടെങ്കിലും പങ്കെടുത്തേക്കില്ല.
ജെഎംഎം നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധ സംഗമം കൂടിയായി സമ്മേളനം മാറും. മേയ് 13 മുതൽ ജൂൺ 1 വരെ 4 ഘട്ടങ്ങളിലായാണു ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ്. ഇന്നലെ, യുപിയിലെ അംറോഹയിലെ കോൺഗ്രസ് സ്ഥാനാർഥി ഡാനിഷ് അലിക്കു വേണ്ടി രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഒരുമിച്ചു പ്രചാരണം നടത്തി.