ഇരിങ്ങാലക്കുട: സ്കൂൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് 37 കേസുകൾ. കൊട്ടാരക്കര മേലില സ്വദേശി ഷെഫീഖ് മന്‍സിലില്‍ റെഫീഖ് എന്ന സതീഷിനെ(42) യാണ് തൃശ്ശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം അറസ്റ്റുചെയ്തത്.
കേരളത്തിലുടനീളം എഴുപതോളം മോഷണ കേസിലെ പ്രതിയാണ് സതീഷ്. ഇടുക്കി ഉപ്പുതറ, മണ്ണഞ്ചേരി, ഇരിങ്ങാലക്കുട ചേർപ്പ്, അന്തിക്കാട്, നെടുപുഴ, പൊന്നാനി, കാടാമ്പുഴ കുറ്റിപ്പുറം, കുന്നംകുളം സ്റ്റേഷൻപരിധികളിലെ മോഷണങ്ങളാണ് തെളിഞ്ഞത്. ചോദ്യംചെയ്യാൻ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടി പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 18ന് ചേര്‍പ്പ് സി.എന്‍.എന്‍.സ്‌കൂള്‍ കുത്തിത്തുറന്ന് 1.50 ലക്ഷം രൂപയും സി.സി.ടി.വി. ഉപകരണങ്ങളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പിടിയിലായ റഫീഖിനെ ചോദ്യംചെയ്തതിൽനിന്ന് പുറത്തിറങ്ങിയ കഴിഞ്ഞ നവംബർ മുതൽ 37 മോഷണങ്ങൾ നടത്തിയതായി ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഡി.വൈ.എസ്.പി.ക്കു പുറമേ, ഇൻസ്പെക്ടർ വി.എസ്. വിനീഷ്, എസ്.ഐ. എസ്. ശ്രീലാൽ, ടി.എ. റാഫേൽ, സീനിയർ സി.പി.ഒ.മാരായ പി.എ. സരസപ്പൻ, ഇ.എസ്. ജീവൻ, സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, കെ.സുനിൽകുമാർ, എം.യു. ഫൈസൽ, ചാലക്കുടി സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. സതീശൻ മടപ്പാട്ടിൽ, സീനിയർ സി.പി.ഒ.മാരായ എം.ജെ. ബിനു, ഷിജോ തോമസ്, സൈബർസെൽ സി.പി.ഒ. കെ.വി. പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.