ന്യൂഡൽഹി: ബാബ രാംദേവിന് വീണ്ടും തിരിച്ചടി. യോഗ ക്യാമ്പുകൾ നടത്തിയതിന്റെ സേവന നികുതി അടക്കണമെന്ന ഹർജി ശരിവെച്ച് സുപ്രീംകോടതി. റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ യോഗ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് എൻട്രി ഫീസ് ഈടാക്കുന്നതിന് പതഞ്ജലി യോഗപീഠ് ട്രസ്റ്റ് സ്ഥാപനം സേവന നികുതി നൽകേണ്ടി വരുമെന്ന ഹർജിയിലാണ് വിധി.
യോഗാ ഗുരു രാംദേവിന്റെയും സഹായി ആചാര്യ ബാലകൃഷ്ണയുടെയും കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് വിവിധ റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ ക്യാമ്പുകളിൽ യോഗ പരിശീലനം നൽകിയിരുന്നു. അതിൽ പങ്കെടുക്കുന്നവരിൽ നിന്ന് സംഭാവനയായി ഫീസ് ഈടാക്കുകയും ചെയ്തു.
കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൻ്റെ (സെസ്റ്റാറ്റ്) അലഹബാദ് ബെഞ്ചിന്റെ 2023 ഒക്ടോബർ ലെ തീരുമാനത്തിൽ ഇടപെടാൻ ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.