ഷാർജ: മഴക്കെടുതിയുടെ സാഹചര്യത്തിൽ ഷാർജയുടെ വിവിധ സ്ഥലങ്ങളിൽ സന്നദ്ധ പ്രവർത്തനരംഗത്ത് സജീവമായി ഷാർജ സംസ്ഥാന കെ.എം.സി.സി. പ്രയാസപ്പെടുന്നവർക്കായി ഹെൽപ് ഡെസ്ക് തുടങ്ങുകയും സംസ്ഥാന കമ്മറ്റിയുടെ വളന്റിയർ വിങ്ങിന്റെ നേതൃത്വത്തിൽ വെള്ളം കയറിയ ഭാഗങ്ങളിലുള്ളവർക്ക് ഹോട്ടലുകളിലും കെ.എം.സി.സി പ്രവർത്തകരുടെ ഭവനങ്ങളിലും താമസസൗകര്യം ഏർപ്പെടുത്തുകയും ചെയ്തതായി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
ഫ്ലാറ്റുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും മറ്റു അവശ്യ സാധനങ്ങളും വിവിധ ജില്ല മണ്ഡലം കമ്മിറ്റികളും എത്തിച്ചു. വലിയ വാഹനങ്ങളിലും ഫൈബർ ബോട്ടുകളിലുമായാണ് സാധനങ്ങൾ എത്തിക്കുന്നത്. ഷാർജ പൊലീസുമായി സഹകരിച്ച് ഷാർജ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നേതാക്കളായ പ്രസിഡന്റ് ഹാശിം നൂഞ്ഞേരി, ജന. സെക്രട്ടറി മുജീബ് റഹ്മാൻ ത്രികണ്ഠാപുരം, സംസ്ഥാന ട്രഷറർ അബ്ദുറഹ്മാൻ, യു.എ.ഇ കെ.എം.സി.സി നാഷനൽ ട്രഷററും ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരുന്നത്.