പിറന്നാൾ ആഘോഷിക്കുന്നതിനിടെ സംഘർഷം: അഞ്ചുപേര്‍ക്ക് കുത്തേറ്റു: രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബിയര്‍ പാര്‍ലറില്‍ പിറന്നാൾ ആഘോഷിക്കുന്നതിനിടെ നടന്ന സംഘർഷത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.

പിറന്നാൾ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തര്‍ക്കത്തിലാവുകയായിരുന്നു. തുടര്‍ന്നാണ് സംഘട്ടനം നടന്നത്. കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ഷമീം, ജിനോ, അനസ് എന്നീ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.