നിർമാണത്തിലെ പിഴവുകൾ മൂലം ചോർന്നൊലിച്ച സ്വപ്നഭവനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ താരദമ്പതികളായ നിക് ജൊനാസും പ്രിയങ്ക ചോപ്രയും ലൊസാഞ്ചലസിലെ വീട്ടിലേക്കു തിരികെയെത്തുന്നുവെന്നു റിപ്പോർട്ട്. മൂന്ന് മാസത്തോളമാണ് വീടിന്റെ നവീകരണജോലികൾ നീണ്ടത്. ഇക്കാലമത്രയും താരദമ്പതികളും മകള്‍ മാൾട്ടിയും താൽകാലിക വസതിയിലേക്കു താമസം മാറ്റിയിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ മകൾക്കൊപ്പം ഇരുവരും ഉടൻ സ്വവസതിയിലേക്കു തിരികെയെത്തുമെന്നാണു വിവരം.
മഴ പെയ്ത് വീട് ചോർന്നൊലിച്ച് വാസയോഗ്യമല്ലാതായതോടെ ജനുവരിയിലാണ് നിക്കും പ്രിയങ്കയും മകളും വീടുവിട്ടിറങ്ങിയത്. വിൽപ്പനക്കാര്‍ക്കെതിരെ പരാതി ഉന്നയിച്ച് ഇരുവരും നിയമയുദ്ധത്തിലേർപ്പെടുകയും ചെയ്തു. മഴ പെയ്തതോടെ വീട് ചോര്‍ന്നൊലിച്ച് പൂപ്പല്‍ബാധയുണ്ടായെന്നും തന്മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്നും പരാതിയിൽ പറയുന്നു. വീടിന്റെ അറ്റകുറ്റപ്പണികൾക്കു വേണ്ട മുഴുവൻ തുകയും ദമ്പതികളാണു മുടക്കിയത്. ഈ തുക തങ്ങൾക്കു തിരികെ നൽകണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാഹശേഷം തൊട്ടടുത്ത വർഷമാണ് പ്രിയങ്കയും നിക്കും ചേർന്ന് ലൊസാഞ്ചലസില്‍ പുത്തൻ വീട് വാങ്ങിയത്. ശേഷം അതിന്റെ മിനുക്കു പണികൾ പൂർത്തിയാക്കാൻ വേണ്ടി മാത്രം ഇരുവരും മാസങ്ങൾ ചെലവഴിച്ചു. പിന്നീടാണ് അവിടെ സ്ഥിരതാമസമാക്കിയത്. ഏഴ് കിടപ്പുമുറികള്‍, ഒമ്പത് കുളിമുറികള്‍, താപനില നിയന്ത്രിക്കാവുന്ന വൈന്‍ സ്റ്റോറേജ്, അത്യാധുനിക അടുക്കള, ഹോം തിയറ്റര്‍, ബൗളിങ് ആലി, സ്പാ, സ്റ്റീം ഷവര്‍, ജിം, ബില്യാർഡ് റൂം എന്നിവയുള്ള ആഡംബര ഭവനമാണിത്. ഗൃഹപ്രേവശന ചടങ്ങുകളുടെ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയും നിക് ജൊനാസും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.
ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണെങ്കിലും ഇടവേളകളിൽ പ്രിയങ്ക ചോപ്ര ലൊസാഞ്ചലസിലെ തങ്ങളുടെ സ്വപ്നവീട്ടിലേക്കു പതിവായി എത്തിയിരുന്നു. പിറന്നാള്‍ ആഘോഷങ്ങളും മറ്റും നടത്തിയിരുന്നതും അവിടെത്തന്നെ. മകൾ മാൾട്ടി മേരി ചോപ്ര ജൊനാസിന്റെ ജനനശേഷവും നിക്കും പ്രിയങ്കയും ഏറെ നാളുകൾ ലൊസാഞ്ചലസിലെ വീട്ടിൽ ചെലവഴിച്ചിട്ടുണ്ട്. ദമ്പതികളും മകളും വളർത്തുമൃഗങ്ങളും മാത്രമായിരുന്നു ആഡംബരവസതിയിലെ താമസക്കാർ. 1600 കോടി രൂപയാണ് ഈ വീടിന്റെ വില. മഴയെത്തുടർന്ന് നാശനഷ്ടങ്ങളുണ്ടായതോടെ ഇവിടം തീരെ വാസയോഗ്യമല്ലാതായിരുന്നു. ഇപ്പോൾ അറ്റകുറ്റപ്പണികൾ പൂർത്തിയായ വീട്ടിലേക്കു മടങ്ങാനൊരുങ്ങുകയാണ് നിക്കും പ്രിയങ്കയും മകളും.