ബംഗളൂരു: ടി20 ലോകകപ്പില്‍ സ്കോട്ലന്ഡ്, അയര്‍ലന്‍ഡ് ടീമുകള്‍ നന്ദിനി ബ്രാന്‍ഡ് സ്പോണ്‍സര്‍ഷിപ്പിലായിരിക്കും കളിക്കുക. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ പാല്, പാലുല്‍പ്പന്ന ബ്രാന്‍ഡായ നന്ദിനിയാണ് ഇനി അയര്‍ലന്‍ഡ്, സ്കോട്ലന്ഡ് ക്രിക്കറ്റ് ടീമുകളുടെ സ്പോണ്സര്.
നിലവില്‍ ഇന്ത്യന്‍ കമ്പനിയായ അമുല്‍ അഫ്ഗാനിസ്ഥാന് ടീമിന്റെ സ്പോണ്‍സര്‍മാരാണ്. പിന്നാലെയാണ് മറ്റൊരു ഇന്ത്യന്‍ കമ്പനിയും സമാന രീതിയില്‍ ക്രിക്കറ്റ് ലോകത്തേക്ക് എത്തുന്നത്. പുതിയ സ്പോണ്‍സര്‍ഷിപ്പിനൊപ്പം ലോകകപ്പ് വേളയില്‍ അമേരിക്കന്‍ വിപണിയില്‍ നന്ദിനി സ്പ്ലാഷ് എന്ന പേരില്‍ എനര്‍ജി ഡ്രിങ്ക്സും കമ്പനി പുറത്തിറക്കുന്നുണ്ട്.
ജൂണ്‍ ഒന്ന് മുതല്‍ 29 വരെ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് പോരാട്ടങ്ങള്‍. ചരിത്രത്തിലാദ്യമായി ഇത്തവണ 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടമെന്ന പ്രത്യേകതയും ലോകകപ്പിനുണ്ട്.