ചിക്കനും ചിക്കൻ ഉപയോഗിച്ചുള്ള വ്യത്യസ്തമായ വിഭവങ്ങളും ഇഷ്ടപ്പെടാത്തവരായി ആരുംതന്നെയുണ്ടാകില്ല. പുറത്തുനിന്നു കഴിക്കുന്ന അതേ രുചിയിലും മണത്തിലും ചിക്കൻ പെരി പെരി വീട്ടിലും തയ്യാറാക്കാം. എങ്ങനെയെന്നു നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഫുൾചിക്കൻ – ഒന്ന്
- മുളകുപൊടി – രണ്ട്ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – ഒരുസ്പൂൺ
- ചില്ലിഫ്ളാക്സ് – രണ്ട്ടേബിൾസ്പൂൺ
- ജീരകപ്പൊടി – ഒരുസ്പൂൺ
- ഗരംമസാലപ്പൊടി – ഒരുസ്പൂൺ
- ഇഞ്ചി – ഒരുവലിയ കഷ്ണം
- വെളുത്തുള്ളി – എട്ടുപത്തെണ്ണം
- പച്ചമുളക് എരിവുള്ളത് – രണ്ടോമൂന്നോ
- കറിവേപ്പില, മല്ലിയില
- ലെമൺ ജ്യൂസ് – ഒന്ന്
- ചെറിയഉള്ളി – ആറോഏഴോ
- പെപ്പെർപൗഡർ – ഒരുസ്പൂൺ
- ഓയിൽ – ഒരുടേബിൾസ്പൂൺ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ ചിക്കൻ മുഴുവനും അടുപ്പിച്ചടുപ്പിച്ചു വരഞ്ഞുവെക്കണം. കാലിന്റെയും കയ്യിന്റെയും ജോയിന്റുകൾ നിവർത്തി പതിച്ചു കൊടുക്കണം. എടുത്തുവെച്ച ചേരുവകൾ എല്ലാം ഒരുമിച്ച് അരച്ചെടുക്കണം. ഇനി ഈ മസാല ചിക്കനിൽ തേച്ചുപിടിപ്പിക്കാം. ഇനി ഇതിനെ ആറോ ഏഴോ മണിക്കൂർ റസ്റ്റ്‌ചെയ്യാൻ വെക്കണം. അതിനുശേഷം ചാർകോൾ ഓവൻ ഉണ്ടെങ്കിൽ അത് തയ്യാറാക്കണം. മസാല പുരട്ടിയ ചിക്കൻ ഗ്രില്ലിൽ വെച്ച് ലോക് ചെയ്ത് കനലുള്ള ഓവനു മുകളിൽ വെച്ചുകൊടക്കാം. ഇടക്കിടക്ക് ഗ്രിൽ തിരിച്ചും മറിച്ചും വെക്കണം. ഇല്ലെങ്കിൽ ചിക്കൻ കരിഞ്ഞുപോവും. ഇടക്കിടക്ക് ചിക്കനുമുകളിൽ മസാല മിക്സ്‌ചെയ്ത ഓയിൽ ബ്രഷ് ചെയ്തു കൊടുക്കണം. ചിക്കൻ ഡ്രൈ ആവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അരമണിക്കൂർ കൊണ്ട് തയ്യാറാക്കാം. ചാർകോൾ ഓവൻ ഇല്ലാത്തവർക്ക് പരന്ന പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് രണ്ടുവശവും തിരിച്ചും മറിച്ചുമിട്ട് കുക്ക് ചെയ്തെടുക്കാം.