തൃശ്ശൂർ: പൂരവുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിൽ തൃശൂർ പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, അസിസ്റ്റന്റ് കമ്മിഷണർ സുദർശൻ എന്നിവരെ അടിയന്തരമായി സ്ഥലം മാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും പൊലീസ് മേധാവിക്ക് നൽകിയ നിർദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസ് നിയന്ത്രണത്തിൽ വീഴ്ച സംഭവിച്ചോ എന്ന് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷിച്ചു റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി യോടാണ് റിപ്പോർട്ട് തേടിയത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് കണ്ടെത്താനാണ് നടപടി.
അതിനിടെ പൊലീസ് പൂരം ദിവസം പൊലീസ് സംഘാടകരെ അടക്കം തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയുമാണ് പൊലീസ് തടഞ്ഞത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. എടുത്തുകൊണ്ടു പോടാ പട്ട എന്ന് കമ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണറുടെ വിശദീകരണം. പൊലീസിന്റെ പരിധിവിട്ട നിയന്ത്രണങ്ങൾക്കെതിരെ സംഘാടകരും പൂരപ്രേമികളും കടുത്ത പ്രതിഷേധത്തിലാണ്.