അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ് കൊഴുക്കട്ട. ഇതിന്റെ ഒരു വകഭേദമാണ് അമ്മിണി കൊഴുക്കട്ട. ഇതൊരു തമിഴ്‌നാടന്‍ വിഭവമാണ്. സാധാരണ കൊഴുക്കട്ടപോലെ തന്നെ ആവിയിൽ പുഴുങ്ങിയെടുക്കുക തന്നെയാണ് ഇതും. സാധാരണ കൊഴുക്കട്ടയിൽ ചേർക്കുന്ന ചേരുവകളിൽ നിന്ന് അല്പം വ്യത്യസ്തമാണെന്ന് മാത്രം.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി-അരക്കപ്പ്
- തേങ്ങ ചിരകിയത്-3 ടേബിള്‍ സ്പൂണ്‍
- നെയ്യ്-അര ടീസ്പൂണ്‍
- എണ്ണ-1 ടീസ്പൂണ്‍
- ഉപ്പ്
- വെള്ളം
വറുത്തിടാന്‍
- കടുക്-അര ടീസ്പൂണ്‍
- ജീരകം-അര ടീസ്പൂണ്‍
- ഉഴുന്നുപരിപ്പ്-അര ടീസ്പൂണ്‍
- കടലപ്പരിപ്പ്-ഒന്നര ടേബിള്‍ സ്പൂണ്‍
- പച്ചമുളക്-2
- ഉണക്കമുളക്-2
- കായം-കാല്‍ ടീസ്പൂണ്‍
- കറിവേപ്പില
- എണ്ണ
തയ്യറാക്കുന്ന വിധം
വെള്ളത്തില്‍ ഉപ്പും കാല്‍ ടീസ്പൂണ്‍ നെയ്യും ചേര്‍ത്തു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് അരിപ്പൊടിയിട്ട് ഇളക്കണം. അധികം വെള്ളമാകരുത്. ഉരുള ഉരുട്ടാന്‍ പാകത്തിനാകണം. നല്ലപോലെ ഇളക്കിയാല്‍ നല്ല മൃദുത്വം ലഭിയ്ക്കും. ഇത് തണുത്തു കഴിയുമ്പോള്‍ ചെറിയ ഉരുളകളാക്കുക. സാധാരണ കൊഴുക്കട്ടയുടെ പകുതിയില്‍ കുറവു വലിപ്പം മതി.
ഇത് ഒരു പാത്രത്തിലോ ഇഡ്ഢലിത്തട്ടിലോ നെയ്യു പുരട്ടി വയ്ക്കുക. മുകളില്‍ അല്‍പം വെളിച്ചെണ്ണയോ ഓയിലോ തൂകണം. ഇത് ആവി കയറ്റി വേവിച്ചെടുക്കണം. ഒരു ചീനച്ചട്ടില്‍ വെളിച്ചെണ്ണ മൂപ്പിച്ച് വറുത്തിടാനുള്ള എല്ലാം ചേര്‍ത്തു മൂപ്പിയ്ക്കുക. തേങ്ങ ചിരകിയത് അവസാനം ചേര്‍ത്തിളക്കിയാല്‍ മതി. ഇതിലേയ്ക്ക് വേവിച്ചു വച്ചിരിയ്ക്കുന്ന കൊഴുക്കട്ടകള്‍ ചേര്‍ത്തിളക്കുക. ഇത് ഉടയാതെ നല്ലപോലെ ഇളക്കി വാങ്ങിവയ്ക്കുക. അമ്മിണി കൊഴുക്കട്ട തയ്യാര്‍.