ഉരുളക്കിഴങ്ങും ഗ്രീന്‍പീസുമെല്ലാം പൊതുവെ എല്ലാവരും കഴിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷ്യവസ്തുക്കളാണ് ഇവ. ഉരുളക്കിഴങ്ങും ഗ്രീന്‍പീസും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറിയാണ് ആലൂ മട്ടര്‍ മസാല. ഇത് ചപ്പാത്തിയ്‌ക്കൊപ്പം കഴിയ്ക്കാൻ അടിപൊളി കോമ്പിനേഷൻ ആണ്.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ്-4
- സവാള-2
- ഗ്രീന്‍പീസ് (മട്ടര്‍)-അര കപ്പ്
- പച്ചമുളക്-2
- മുളകുപൊടി-1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- ജീരകം-അര ടീസ്പൂണ്‍
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ തൊലി കളഞ്ഞ് ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകം ചേര്‍ത്ത് പൊട്ടിയ്ക്കണം. സവാള ഇതിലേക്കു ചേര്‍ത്ത് നല്ലപോലെ വഴറ്റുക.
സവാള ഇളം ബ്രൗണ്‍ നിറമായിക്കഴിയുമ്പോള്‍ ഇതിലേക്ക് മട്ടര്‍ ചേര്‍ത്തിളക്കുക. പിന്നീട് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. പച്ചമുളകും ചേര്‍ക്കുക. മുകളിലെ മിശ്രിതം നല്ലപോലെ ഇളക്കിയ ശേഷം കഷ്ണങ്ങളാക്കി വച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കണം. ഇത് അല്‍പനേരം അടച്ചു വച്ച് വേവിച്ച ശേഷം വാങ്ങി വച്ച് ഉപയോഗിക്കാം.