കൊച്ചി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അമ്മ ഇന്ന് ഏദനിൽ നിന്ന് യെമൻ തലസ്ഥാനമായ സനയിലേക്കു തിരിക്കും. ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാനും മോചനപ്രവർത്തനങ്ങൾക്കുമായാണ് അമ്മ പ്രേമകുമാരി ഇന്ന് വൈകീട്ട് സനയിലേക്കു പോകുന്നത്.
പാലക്കാട് സ്വദശിനിയായ പ്രേമകുമാരി കൊച്ചിയിൽനിന്നു ശനിയാഴ്ച പുലർച്ചെ പുറപ്പെട്ടു മുംബൈ വഴിയാണ് ഏദനിൽ വിമാനത്തിലെത്തിയത്. ആക്‌ഷൻ കൗൺസിൽ അംഗവും യെമൻ പ്രവാസിയുമായ സാമുവൽ ജെറോമും പ്രേമകുമാരിയെ അനുഗമിക്കുന്നുണ്ട്.
സാധ്യമാകുന്ന പക്ഷം ഇന്നു റോഡ് മാർഗം യാത്ര പുറപ്പെടാനാണു പരിപാടിയെന്നു സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ പ്രതിനിധിയും മലയാളി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ അറിയിച്ചു. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് ഏദനെങ്കിലും തലസ്ഥാനമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്.
അവിടത്തെ ജയിലിലാണു നിമിഷപ്രിയ തടവിലുള്ളത്. 2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെത്തുടർന്നാണ് അവിടെ നഴ്സായിരുന്ന നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. വധശിക്ഷ സുപ്രീം കോടതി ശരിവച്ചതോടെ തലാലിന്റെ കുടുംബത്തിന് ആശ്വാസധനം നൽകി മോചനം സാധ്യമാക്കാനുള്ള ശ്രമമമാണു നടത്തുന്നത്.
തലാൽ ഉൾപ്പെടുന്ന ഗോത്രവിഭാഗത്തിന്റെ തലവന്മാരും കുടുംബവും കനിഞ്ഞാൽ നിമിഷപ്രിയയുടെ മോചനം സാധ്യമാകും. സനയിലെത്തിയ ശേഷം പ്രേമകുമാരിയോടൊപ്പം ഗോത്രവിഭാഗത്തലവന്മാരുമായി സംസാരിക്കാനാണ് ആക്‌ഷൻ കൗൺസിലിന്റെ പരിപാടി.