റാസൽഖൈമ: യു.എ.ഇയുടെ വളര്‍ച്ചക്കൊപ്പം നിന്ന് ഇന്ത്യയുടെ സമ്പദ്ഘടനക്ക് ശക്തിപകര്‍ന്ന് 50 വര്‍ഷമായി റാസല്‍ഖൈമയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യക്കാരെ എസ്.എന്‍.ഡി.പി സേവനം യു.എ.ഇ റാസല്‍ഖൈമ ചാപ്റ്റര്‍ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മേയ് 25ന് റാക് കള്‍ചറല്‍ സെന്ററിലാണ് ആദരവ് സമര്‍പ്പണം. എസ്.എന്‍.ഡി.പി സേവനം യു.എ.ഇയിലെ പ്രവര്‍ത്തനം 21 വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയില്‍ നാട്ടില്‍ 20 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. മലയാളി വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്.
എസ്.എന്‍.ഡി.പി സേവനം യു.എ.ഇയുടെ 20 വീടുകള്‍ കൂടാതെ യൂസുഫലിയുടെ വക അഞ്ച് വീടുകള്‍ കൂടി ഗുരുകൃപ ഭവന പദ്ധതിയില്‍ ഒരുങ്ങും. റാസല്‍ഖൈമയില്‍ 50 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നവരുടെ വിവരങ്ങള്‍ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിർദേശിക്കാമെന്ന് ഭാരവാഹികളായ അനിൽ വിദ്യാധരൻ, സുഭാഷ് എന്നിവർ അറിയിച്ചു. ഫോണ്‍: 055 391 0566, 050 490 0263.