ബലാത്സംഗത്തിനിരയായ 14 കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: പ്രത്യേക അധികാരം ഉപയോഗിച്ച് പതിനാലുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി. മുപ്പത് ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നൽകിയത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി തള്ളിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി അസാധുവാക്കി.

ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറഞ്ഞത്.

ഗര്‍ഭഛിദ്രത്തിനായി അടിയന്തരമായി മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ മുംബൈ സയണിലെ ലോകമാന്യ തിലക് മുനിസിപ്പല്‍ മെഡിക്കല്‍ കോളജിന് കോടതി നിര്‍ദേശം നല്‍കി.

നേരത്തെ കുട്ടിയുടെ ശാരീകിക നില പരിശോധിക്കാന്‍ വിദഗ്ധ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം നടത്തിയാല്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് അറിയിക്കാനായിരുന്നു നിര്‍ദേശം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമം അനുസരിച്ച് 24 ആഴ്ച വരെ പ്രായമായ ഗര്‍ഭമാണ് അലസിപ്പിക്കാനാവുക.