‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’ എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ… എന്നു തുടങ്ങുന്ന ഗാനത്തിന് യുവാക്കളെ പോലും മാറ്റിനിർത്തി നൃത്തച്ചുവടുകൾ വെച്ച മുത്തശ്ശിയാണ് മണിക്കൂറുകൾക്കകം ട്രെൻഡിംഗിൽ ഇടംപിടിച്ചിരിക്കുന്നത്.
സാരിയുടുത്ത് പാട്ടിനൊപ്പം ചുവടുവെച്ച മുത്തശ്ശി ആരാണെന്ന് സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ്. എറണാകുളം പള്ളിക്കര സ്വദേശിയായ ലീലാമ്മ ജോണ്‍ ആണ് ഈ വൈറൽ താരം. പട്ടാമ്പിയിലെ ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടയിൽ ലീലാമ്മ വെറുതെ കളിച്ച ഡാൻസാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സിനി ആർട്ടിസ്റ്റായ അവയ് സന്തോഷിന്റെ അമ്മയാണ് 67 കാരിയായ ലീലാമ്മ ജോൺ. സന്തോഷ് തന്നെയാണ് ഈ വീഡിയോ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഈ പ്രായത്തിലും എന്ത് മനോഹരമായിട്ടാണ് അവർ നൃത്തം ചെയ്യുന്നതെന്നാണ് നിരവധിപേരുടെ കമന്റ്.