വളരെ ചുരുങ്ങിയ കാലം കോണ്ട് ഇന്ത്യൻ വിപണിയിൽ വളരെയധികം ജനപ്രീതി നേടിയ ഒരു ബ്രാൻഡാണ് ബിൽഡ് യുവർ ഡ്രീംസ് അല്ലെങ്കിൽ ബിവൈഡി എന്നത്, 2017 -ലാണ് ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു എങ്കിലും, 2021 -ലാണ് കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ, e6 എംപിവി ഇന്ത്യയിൽ പുറത്തിറക്കിയത്. പിന്നീട് അറ്റോ 3 ഫാമിലി എസ്‌യുവിയും അവതരിപ്പിച്ചു.
അതിനു ശേഷം ബിവൈഡി ഇപ്പോൾ സീൽ സെഡാൻ്റെ രൂപത്തിൽ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മൂന്നാമത്തെ ഓഫർ എത്തിച്ചിരിക്കുകയാണ്. കാഴ്ച്ചയിൽ വളരെ മനോഹരമായി കാണപ്പെടുന്ന ഈ വാഹനം പെർഫോമെൻസിന്റെ കാര്യത്തിലും ഒട്ടും പിന്നിൽ അല്ല. ബ്രാൻഡിന്റെ ഓഷ്യൻ ഇൻസ്പയർഡ് ഡിസൈൻ ശൈലിയിലാണ് സീൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മുൻവശത്ത്, സ്പ്ലിറ്റ് ലൈറ്റിംഗ് സജ്ജീകരണമാണ് വാഹനത്തിൽ വരുന്നത്. അതോടൊപ്പം ഹുഡിന് കീഴിൽ 50 -ലിറ്റർ ഫ്രങ്കും ഇതിന് ലഭിക്കുന്നു, വാഹനത്തിന്റെ സ്കൾപ്റ്റഡ് ബോണറ്റ് ഒരു മസ്കുലാർ ഫീൽ നൽകുന്നു. സൈഡ് പ്രൊഫൈലിൽ എറിച്ചു നിൽക്കുന്നത് 19 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളാണ്, കൂടാതെ ഒരു ഫുൾ ഗ്ലാസ് റൂഫും ഇതിന് ലഭിക്കുന്നു. പിന്നിൽ കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും സ്പോർട്ടി അപ്പീൽ വർധിപ്പിക്കുന്നതിന് ഒരു ഡിഫ്യൂസറും വാഹനത്തിൽ വരുന്നു.
ഇനി പെർഫോമെൻസിന്റെ കാര്യത്തിൽ ഫ്രണ്ട് ആൻഡ് റിയർ ആക്സിലിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിൽ വരുന്നത്. സംയോജിതമായി 522 bhp മാക്സ് പവറും 670 Nm പീക്ക് ടോർക്കും ഇത് പുറപ്പെടുവിക്കുന്നു. ആകെ മൂന്ന് വേരിയന്റുകളിലും നാല് കളർ ഓപ്ഷനുകളിലും ബിവൈഡി സീൽ നിലവിൽ ലഭ്യമാണ്. 41 ലക്ഷം രൂപ മുതൽ 53 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇവി വിൽപ്പനയ്ക്ക് എത്തുന്നത്.
82 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഈ മോഡൽ സിംഗിൾ ചാർജിൽ 580 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വെറും 15 മിനിറ്റിനുള്ളിൽ 200 കിലോമീറ്റർ ഓടാനുള്ള ചാർജും 45 മിനിറ്റിൽ ഫാസ്റ്റ് ചാർജർ വഴി പൂജ്യത്തിൽ നിന്ന് 80 ശതമാനം ചാർജും ഇതിന് കൈവരിക്കാനാവും.