ഇങ്ങനെ കൊടുത്താൽ എത്ര കഴിക്കാത്ത കുട്ടിയും ഏത്തക്ക കഴിക്കും

പോഷകങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് ഏത്തക്ക എന്ന് പറയുന്നത്. എല്ലാ വീടുകളിലും സുലഭമായി എപ്പോഴും ഉണ്ടാവാറുള്ള ഒന്നുകൂടിയാണ് ഏത്തക്ക. കുട്ടികൾകടക്കം ഇത് കഴിക്കുവാൻ പലപ്പോഴും വലിയ ബുദ്ധിമുട്ടും നമ്മൾ കാണാറുണ്ട്. എന്നാൽ കുട്ടികൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഇതിൽ അടങ്ങുന്നുണ്ട് എന്നതുകൊണ്ട് തന്നെ പലപ്പോഴും മാതാപിതാക്കൾ ഇത് കഴിപ്പിക്കുവാൻ പലതരത്തിലുള്ള പ്രയത്നങ്ങൾ നടത്താറുണ്ട്.

അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ പാകം ചെയ്തു കൊടുത്താൽ കുട്ടികൾ ഇത് കഴിക്കുകയും ചെയ്യും. അത്തരത്തിൽ ഒരു നാലുമണി പലഹാരമായി ഏത്തക്ക കുട്ടികളിലേക്കും മുതിർന്നവരിലേക്കും എങ്ങനെ എത്താം എന്നാണ് പറയുന്നത്. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് രുചികരമായി ഏത്തക്ക കൊണ്ട് ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. ഇതിന് ആവശ്യമുള്ളത് എന്തൊക്കെയാണെന്നും ഏത് രീതിയിലാണ് പാകം ചെയ്യുന്നത് എന്നുമാണ് ഈ ആർട്ടിക്കിളിൽ പറയുന്നത്.

ആവശ്യമുള്ളവ

ഏത്തക്ക : 3എണ്ണം

തേങ്ങ തിരുമ്മിയത് : ഒരു കപ്പ്

നെയ്യ്: ആവിശ്യത്തിന്

അണ്ടിപരിപ്പ്

ഉണക്കമുന്തിരി

ഏലയ്ക്കാപ്പൊടി : ഒരു ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

പഴുത്ത ഏത്തക്ക ആവിയിൽ വച്ച് പുഴുങ്ങിയെടുക്കുക. ശേഷം തൊലിയും നാരും കളഞ്ഞതിന് ശേഷം നന്നായി ഉടച്ച് എടുക്കുക. ഉടച്ചെടുത്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക, ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി ഒരു കപ്പ് തിരുമ്മിയ തേങ്ങ എന്നിവ അതിലേക്ക് ചേർത്ത് വഴറ്റി എടുക്കുക.

വഴറ്റിയെടുത്ത ഈ കൂട്ട് മാവ് പരുവത്തിൽ ആക്കി വച്ചിരിക്കുന്ന ഏത്തക്കയിലേക്ക് ഇട്ട് യോജിപ്പിക്കുക. നല്ല ഫ്ലേവർ ലഭിക്കുന്നതിന് വേണ്ടി കുറച്ച് ഒരു ടീസ്പൂൺ ഏലക്കപൊടി കൂടി ചേർക്കാവുന്നതാണ്. ശേഷം എല്ലാം കൂടി നന്നായി കുഴച്ച് എടുക്കുക.

അതിനുശേഷം ചെറിയ ഉരുളകളാക്കി കൈകൾ കൊണ്ട് ലഡ്ഡു പരുവത്തിൽ ഉരുട്ടിയെടുക്കുക. ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ചതിനു ശേഷം ഈ ഉരുളകൾ ചെറുതായി മൊരിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം മുകളിൽ അല്പം തേങ്ങ കൂടി തിരുമ്മിയിട്ട് കുട്ടികൾക്കും മുതിർന്നവർക്കും ചായക്കൊപ്പം സ്വാദിഷ്ടമായ രീതിയിൽ വിളമ്പാവുന്നതാണ്.