ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയുമായ അതിഷി മര്‍ലെനയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ആതിഷി പങ്കെടുത്ത ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ സദസിലുള്ള ചിലർ ബഹളം വയ്ക്കുന്നതായി വീഡിയോയില്‍ കാണാം. അതിഷി ‘ജയ് ശ്രീറാം’ വിളിച്ചപ്പോള്‍ പ്രകോപിതരായ മുസ്ലീങ്ങള്‍ അവരെക്കൊണ്ട് മാപ്പ് പറയിച്ചുവെന്ന തരത്തിലാണ് വീഡിയോ പ്രചാരിക്കുന്നത്.
ഫേസ്ബുക്കിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്- “ഡല്‍ഹി മന്ത്രി അതിഷി മര്‍ലീന ശ്രീറാം കോളനിയില്‍ പോയി അവിടെ ജയ് ശ്രീറാം എന്ന് വിളിച്ചു. ഉടന്‍ തന്നെ മുസ്ലീങ്ങള്‍ കൂട്ടം കൂടി എഴുന്നേറ്റു നിങ്ങള്‍ എന്തിനാണ് ജയ് ശ്രീറാം എന്ന് പറഞ്ഞത് എന്ന് ചോദിച്ച് ബഹളം വെച്ചു. തുടര്‍ന്ന് ജയ് ശ്രീറാം എന്ന് പറയില്ലെന്ന് അതിഷി മര്‍ലീന ഉടന്‍ തന്നെ ക്ഷമാപണം നടത്തി. ”
എന്താണ് ഈ പറയുന്നതിന് പിന്നിലെ യാഥാർഥ്യം എന്ന് പരിശോധിക്കാം.
മന്ത്രി അതിഷി സംസാരിക്കുന്നതിനിടെയാണ് സദസിലുണ്ടായിരുന്ന ചിലര്‍ എഴുന്നേറ്റ് ബഹളം വയ്ക്കുന്നത്. ‘ഇത് ശ്രീറാം കോളനിയാണ്’ എന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ പോസ്റ്റുകളില്‍ അവകാശപ്പെടുന്നതുപോലെ മുസ്ലീം പുരുഷന്‍മാര്‍ മാത്രമല്ല മറ്റ് നിരവധിപ്പേരും എഴുന്നേറ്റ് നിന്ന് മന്ത്രിയെ തിരുത്താന്‍ ശ്രമിക്കുന്നുണ്ട്. “ഞാന്‍ ശ്രീറാം കോളനി നിവാസികളോട് മാപ്പ് ചോദിക്കുന്നു. ശ്രീറാം കോളനി, ഖജൂരി ഖാസ്, കരവാള്‍ നഗര്‍, സോണിയ വിഹാര്‍ എന്നിവിടങ്ങളിലെ കുട്ടികളും പഠിക്കുന്നത് ശ്രീറാം കോളനിയിലെ സ്‌കൂളിലാണ്. ” എന്ന് മന്ത്രി അതിഷി പിന്നീട് വിശദീകരിക്കുന്നുണ്ട്.
1 മിനിട്ട് 07 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പരിശോധിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടി വക്താവ് പ്രശാന്ത് രജോറയുടെ ഔദ്യോഗിക X ഹാന്റില്‍ ഇതേ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. “കരവാള്‍ നഗര്‍ അസംബ്ലിയിലെ ശ്രീറാം കോളനിയില്‍ ഡല്‍ഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാള്‍ നിര്‍മിച്ച സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അതിഷി ഉദ്ഘാടനം ചെയ്തു” എന്നാണ് ഇതോടൊപ്പം ഹിന്ദിയിൽ കൊടുത്തിരിക്കുന്ന കുറിപ്പ്.
2024 മാർച്ച് 9-ന് ആം ആദ്മി പാർട്ടി പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ് ലഭ്യമായി. അതിലും വടക്കുകിഴക്കൻ ഡൽഹിയിലെ ശ്രീറാം കോളനിയിൽ കെജ്‌രിവാൾ സർക്കാർ രണ്ട് സർക്കാർ സ്‌കൂളുകൾ ഉദ്ഘാടനം ചെയ്തതായി അതിൽ പറയുന്നത്. ശ്രീറാം കോളനിയിലെ ഈ സ്‌കൂൾ ഡൽഹിയിലെ മികച്ച സ്‌കൂളുകളിലൊന്നാണെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി പ്രസംഗത്തിനിടയിൽ പറയുന്നുണ്ട്. സ്‌കൂള്‍ ഉദ്ഘാടനത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ ഡല്‍ഹി ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷന്റെ യുട്യൂബ് ചാനലില്‍ സ്‌കൂള്‍ ഉദ്ഘാടന വീഡിയോ പങ്കുവച്ചതായി കണ്ടെത്തി. 49മിനിട്ട് 55 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മന്ത്രി അതിഷി ചടങ്ങിനായി എത്തുന്നതു മുതലുള്ള ദൃശ്യങ്ങൾ കാണാം. വീഡിയോയുടെ 32മിനിട്ട് 12 സെക്കൻഡ് മുതലാണ് ഉദ്ഘാടന പ്രസംഗത്തിനായി മന്ത്രി എത്തുന്നത് കാണാവുന്നത്. ‘ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ഇങ്ക്വിലാബ് സിന്ദാബാദ് ‘ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് അതിഷി പ്രസംഗം തുടങ്ങുന്നത്. തുടക്കത്തില്‍ എവിടെയും ‘ജയ് ശ്രീറാം’ എന്ന് പറയുന്നില്ല. തുടര്‍ന്ന് സ്‌കൂള്‍ ഉദ്ഘാടനം സംബന്ധിച്ച് സംസാരിക്കുന്നതിനിടെ സദസിലുള്ളവരോട് ‘അവിടെ എന്താണ്, ഇരിക്കൂ ഭായ് സാബ്’ എന്ന് പറയുന്നത് കേള്‍ക്കാം. ഈ സമയം പിന്നില്‍ നിന്നൊരാള്‍ ഒരു കുറിപ്പ് കൊണ്ടുവന്ന് മന്ത്രിക്ക് നല്‍കുന്നത് കാണാം. തുടര്‍ന്നാണ് വൈറല്‍ വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഗമുള്ളത്. “ശ്രീറാം കോളനി നിവാസികളോട് ഞാൻ മാപ്പ് പറയാൻ ആഗ്രഹിക്കുന്നു; ശ്രീറാം കോളനി, ഖജൂരി ഖാസ്, കാരവൽ നഗർ, സോണിയ വിഹാർ എന്നിവിടങ്ങളിലെ കുട്ടികളും പഠിക്കുന്നത് ശ്രീറാം കോളനിയിലെ സ്കൂളിലാണ്…” എന്നുള്ള മന്ത്രിയുടെ പ്രസംഗം തുടങ്ങുന്നത്.
‘ഖജൂരി ഖാസ് സ്‌കൂള്‍’ എന്ന് അതിഷി പല തവണ പറഞ്ഞപ്പോഴാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് ശ്രീ റാം കോളനിയിലാണെന്നും അക്കാര്യമെന്താണ് മന്ത്രി പറയാത്തതെന്നും ശ്രീറാം കോളനി നിവാസികള്‍ ചോദ്യം ഉയർത്തി ബഹളം വച്ചത്. ചടങ്ങില്‍ പങ്കെടുത്ത മറ്റൊരു അതിഥിയാണ് ജനങ്ങളുടെ പ്രതിഷേധത്തെപ്പറ്റി മന്ത്രിയെ അറിയിച്ചത്. ഉടന്‍ തന്നെ മന്ത്രി തിരുത്തുകയും മാപ്പു ചോദിക്കുകയും ചെയ്തു. ശ്രീറാം കോളനി നിവാസികളോട് മാപ്പ് പറയുന്നതായി മന്ത്രി അറിയിച്ചതോടെ ബഹളം വച്ചവര്‍ കൈയ്യടിക്കുന്നുണ്ട്. കോളനിയുടെ പേര് മന്ത്രി പറഞ്ഞതിനു ശേഷം പിന്നീട് ആരും തന്നെ പ്രസംഗം തടസപ്പെടുത്തിയില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ് . മാത്രമല്ല, 11 മിനട്ട് ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ എവിടെയും ‘ജയ് ശ്രീറാം’ എന്ന് അതിഷി പറയുന്നില്ല എന്നുകൂടി പറയേണ്ടതുണ്ട്. കൂടാതെ പ്രസംഗം അവസാനിപ്പിക്കുന്നത് ‘ജയ് ഹിന്ദ്, ജയ് ഭാരത് ‘ എന്ന് പറഞ്ഞുകൊണ്ടാണെന്നതും ശ്രദ്ധേയമാണ്.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള പോസ്റ്റുകളില്‍ പറയുന്നതുപോലെ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി മര്‍ലെന ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചപ്പോള്‍ മുസ്ലീങ്ങള്‍ എതിർപ്പ് രേഖപ്പെടുത്തിയതിനെ തുടർന്ന് മന്ത്രി മാപ്പ് പറഞ്ഞതായുമുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.