തൃശൂര്‍: ഭാവിയില്‍ തൃശൂര്‍ പൂരം ഭംഗിയായി നടത്താനാവശ്യമായ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍. പൂരം നടത്തിപ്പില്‍ പൊലീസ് ഇടപെടാത്ത വിധത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കണം. പൊലീസ് സുരക്ഷ മാത്രം നോക്കിയാല്‍ മതിയെന്ന് തിരുവമ്പാടി ദേവസ്വം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
‘പൂരം നടത്തിപ്പു ചുമതല ദേവസ്വങ്ങള്‍ക്കാണ്. വേറെ ആരും അതില്‍ കൈകടത്തേണ്ടതില്ല. സുരേഷ് ഗോപിയെ വിളിച്ചുവരുത്തിയതല്ല. അദ്ദേഹത്തിന്റെ പി.എ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. പൂരത്തില്‍ രാഷ്ട്രീയം കൊണ്ടു വരരുത്. ആചാരാനുഷ്ഠാനങ്ങള്‍ ഉദ്യോഗസ്ഥ താല്‍പ്പര്യത്തിനു മാറ്റാന്‍ അനുവദിക്കില്ല.’ പൂരം നടത്തിപ്പ് അസാധ്യമാക്കുംവിധമാണ് പൊലീസ് രംഗത്തുവന്നതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ. സുന്ദര്‍മേനോനും സെക്രട്ടറി കെ. ഗിരീഷ് കുമാറും ആരോപിച്ചു.
‘അമിതാധികാരമെടുത്ത് പൊലീസ് ഇടപെട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്. പൊലീസുമായി സംസാരിക്കാന്‍ പോലും അവസരം തന്നില്ല. അവര്‍ എല്ലാ കാര്യങ്ങളും ഏകപക്ഷീയമായി ഏറ്റെടുക്കുന്ന വിധത്തിലാണ് പെരുമാറിയത്. ചടങ്ങുകളില്‍ പോലും ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്തു. മുന്‍വര്‍ഷവും ഈ വിരുദ്ധ നിലപാടുണ്ടായി.’ പൊലീസ് പൂരം യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുമെങ്കിലും നടപ്പാക്കുന്നത് മറ്റൊന്നാണെന്നും പ്രസിഡന്റ് എന്ന നിലയില്‍ തനിക്കും മോശം പെരുമാറ്റം നേരിടേണ്ടി വന്നെന്നും സുന്ദര്‍മേനോന്‍ പറഞ്ഞു.
‘സിറ്റി പൊലീസ് കമ്മിഷണറെ മാറ്റാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അനാവശ്യ കാര്യങ്ങളില്‍ പൊലീസ് ഇടപെടേണ്ട. വെടിക്കെട്ടിന്റെ പേരില്‍ ചരിത്രത്തിലാദ്യമായാണ് പൂരം പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചത്. ഇതു വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കി. പുലര്‍ച്ചെ രണ്ടുവരെ ബാരിക്കേഡ് സ്ഥാപിച്ച് റോഡുകള്‍ അടയ്ക്കില്ലെന്നു പറഞ്ഞ പൊലീസ് സ്വരാജ് റൗണ്ടിലേക്കുള്ള 19 ഇടറോഡുകളും രാത്രി വളരെ നേരത്തെ അടച്ചുകെട്ടി. അസി. സിറ്റി പൊലീസ് കമ്മിഷണര്‍ കെ. സുദര്‍ശന്‍ നല്ല രീതിയിലാണ് ഇടപെട്ടത്. അദ്ദേഹത്തിനെതിരായ നടപടിയില്‍ വിഷമമുണ്ട്. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രി കെ. രാജന്റെയും ഇടപെടലിനു നന്ദി.’ കമ്മിഷണറെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പൊലീസ് ഗുണ്ടാരാജ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. സുഗമമായ പൂരം നടത്തിപ്പിന് മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ നേരില്‍ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് ജോ. സെക്രട്ടറി പി. ശശിധരന്‍ പറഞ്ഞു.