തിരുവനന്തപുരം: തനിക്കെതിരെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നൽകിയ കേസ് കോടതിയിൽ നേരിടുമെന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. തോൽവിയുടെ തെളിവാണു കേസു കൊടുത്തത്. താൻ നിയമം പാലിക്കുന്നയാളാണ്. ഈ വിഷയത്തിൽ മറുപടി നൽകാൻ ബുദ്ധിമുട്ടില്ലെന്നും തരൂർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്കു പണം വാഗ്ദാനം ചെയ്തെന്നു ടിവി ചാനലിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണു സൈബർ പൊലീസ് തരൂരിനെ പ്രതിയാക്കി കേസെടുത്തത്.