പിടിച്ചുനിൽക്കാൻ ആകാതെ സിബിൻ, മാനസികമായി തളരുന്നു, പുറത്തുപോകണമെന്ന് കരഞ്ഞുപറഞ്ഞ് സിബിൻ

മാനസികമായി തളർന്ന് സിബിൻ, ബിഗ്‌ബോസ് വീട് പേടിയാകുന്നു, പുറത്തു പോകണമെന്ന് കേണുപറഞ്ഞ്

ബി​ഗ് ബോസ് സീസൺ 6 ൽ നിന്നും സിബിൻ പുറത്തേക്ക് പോകുന്നെന്ന് സൂചന. വരാനിരിക്കുന്ന എപ്പിസോഡിന്റെ പ്രൊമോയിലാണ് സിബിനെ പുറത്തേക്ക് കൊണ്ട് പോകുന്നത്. മാനസികമായി തകർന്ന ഘട്ടത്തിലായിരുന്നു സിബിൻ. ഇതേക്കുറിച്ച് ഒന്നിലേറെ തവണ ബി​ഗ് ബോസിനോട് സംസാരിക്കുകയും ചെയ്തു. ബി​ഗ് ബോസ് സൈക്കോളജിസ്റ്റിന്റെ സഹായം നൽകി. നഷ്ടപ്പെട്ട ഊർജം വീണ്ടെടുത്ത് കളിക്കാനുള്ള ശ്രമത്തിലായിരുന്നു സിബിൻ.

എന്നാൽ പിന്നീട് ഐ നീഡ് ​ഹെൽപ് എന്ന് ക്യാമറകൾക്ക് മുന്നിൽ പോയി പറയുന്ന സിബിനെയാണ് പ്രൊമോയിൽ കാണുന്നത്. കണ്ണ് മൂടിക്കെട്ടി സിബിനെ പുറത്തേക്ക് കൊണ്ട് പോകുന്നതും കാണാം. ഇത്രയും മനശക്തിയില്ലാത്ത ആളാണോ സിബിനെന്നാണ് പ്രേക്ഷകരുടെ ചോദ്യം. വൈൽഡ് കാർഡ് എൻട്രിയായെത്തിയ സിബിനിൽ വലിയ പ്രതീക്ഷ പ്രേക്ഷകർക്കുണ്ടായിരുന്നു.

മികച്ച ​ഗെയിമുമായാണ് സിബിൻ മുന്നോട്ട് പോയത്. സിബിന്റെ ​ഗെയിമിന് വിമർശനവും അഭിനന്ദനവും ഒരുപോലെ വന്നു. എന്നാൽ ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡോടെ സിബിൻ തകർന്നു. ജാസ്മിന് നേരെ മോശം ആം​ഗ്യം കാണിച്ചതിന് ശിക്ഷയായി സിബിനെ പവർ ടീമിൽ നിന്ന് പുറത്താക്കി. ഡയറക്ട് നോമിനേഷനിലും ഇട്ടു.

വീക്കെന്റ് എപ്പിസോഡിൽ മോഹൻലാലിൽ നിന്നും വിമർശനവും സിബിന് കേൾക്കേണ്ടി വന്നു. ഇതൊക്കെയാണ് സിബിനെ തളർത്തിയതെന്ന് പ്രേക്ഷകർ പറയുന്നു. സിബിൻ പിന്മാറിയാൽ ഷോ എങ്ങനെ മുന്നോട്ട് പോകുമെന്ന ചോദ്യം പലർക്കുമുണ്ട്. ഒന്നിന് പിറകെ ഒന്നായി അപ്രതീക്ഷിതമായി മത്സരാർത്ഥികൾ പുറത്തേക്ക് പോകുന്നത് മറ്റ് മത്സരാർത്ഥികളെയും തളർത്തിയേക്കാം.

വൈൽഡ് കാർഡ് എൻട്രിയായി വന്നവരിൽ പ്രേക്ഷകർക്ക് ഏരെ പ്രതീക്ഷയുണ്ടായിരുന്നത് സിബിനിലും പൂജ കൃഷ്ണയിലുമാണ്. എന്നാൽ പൂജ ആരോ​ഗ്യ പ്രശ്നം കാരണം കുറച്ച് ദിവസത്തേക്ക് മാറി നിൽക്കുകയാണ്. ‌‌ബി​ഗ് ബോസ് വീടിനെ കുറച്ച് കൂടി ആവേശ ഭരിതമാക്കാനാണ് വൈൽഡ് കാർഡ് മത്സരാർത്ഥികളെ എത്തിച്ചത്. എന്നാൽ ഇവർക്ക് ഷോയിൽ തുടരാൻ പറ്റാത്ത സാഹചര്യം പ്രേക്ഷകരെയും നിരാശപ്പെടുത്തുന്നു.

വീട്ടിൽ ആരോടും തനിക്ക് പ്രശ്നമില്ലെന്നും താൻ മാനസികമായി തളർന്നത് കൊണ്ടാണ് ഷോയിൽ നിന്നും പുറത്തേക്ക് പോകാനാ​ഗ്രഹിക്കുന്നതെന്നും സിബിൻ വ്യക്തമാക്കി. സിബിന് ക്യാമറ കാണുമ്പോൾ പേടി തോന്നുന്ന സാഹചര്യമായിരുന്നു. തന്റെ പാസ്റ്റ് ട്രോമകളിലേക്ക് വീണ്ടും പോകുമോയെന്ന് ഭയക്കുന്നുണ്ടെന്ന് സിബിൻ പറയുകയുമുണ്ടായി.

അതേസമയം സിബിന് ഇപ്പോഴും വിമർശനവും വരുന്നുണ്ട്. നേരത്തെ ജാസ്മിൻ മാനസികമായ തളർന്ന ഘട്ടത്തിൽ മോശമായ ​ഗെയിം ​സിബിൻ കളിച്ചു. ജാസ്മിന്റേത് ഡ്രാമയാണെന്നും പറഞ്ഞു. ഇന്ന് അതേ സാഹചര്യം സിബിനും വന്നെന്ന് പ്രേക്ഷകർ പറയുന്നു. അതേസമയം ജാസ്മിനുൾപ്പെ‌ടെ എല്ലാവരും സിബിന്റെ സാഹചര്യം മനസിലാക്കിയാണ് പെരുമാറുന്നത്. ഇക്കഴിഞ്ഞ എപ്പിസോഡിൽ എവിക്ഷൻ നോമിനേഷനും നടന്നു. പവർ ടീം അം​ഗങ്ങളും ക്യാപ്റ്റനും ഒഴികെ മറ്റെല്ലാവരും ഇത്തവണ നോമിനേഷനിലുണ്ട്. കൂടുതൽ പേർ നോമിനേറ്റ് ചെയ്തത് അൻസിബയെയാണ്.