മലയാളികൾ എക്കാലവും ഓർത്തുവയ്ക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് കൊച്ചിൻ ഹനീഫ. 2010 ഫെബ്രുവരി 2നാണ് കൊച്ചിന്‍ ഹനീഫയ്ക്ക് സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിനൽകിയത്. നടൻ കുഞ്ചാക്കോ ബോബൻ കൊച്ചിന്‍ ഹനീഫയുടെ കൂടുംബത്തെ കണ്ടുമുട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസില, മക്കളായ സഫ, മർവ എന്നവരെയാണ് കുഞ്ചാക്കോ ബോബൻ കണ്ടത്. ഇവർക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് ചാക്കോച്ചൻ മടങ്ങിയത്.
‘അഴിമുഖം’ എന്ന ചിത്രത്തിലൂടെയാണ് കൊച്ചിൻ ഹനീഫ മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. വില്ലൻ, സ്വഭാവനടൻ, ഹാസ്യതാരം തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ 300 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്.
തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളിലും കൊച്ചിൻ ഹനീഫ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. വാത്സല്യം, ആൺകിളിയുടെ താരാട്ട് തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങി. മദ്രാസ് പട്ടണം, യന്തിരന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.